ഖത്തർ ലോകകപ്പിൽ അതുവരെ നടന്ന ഒരു മത്സരത്തിലും ഗോൾ നേടിയില്ലെങ്കിലും ഫൈനലിൽ ഏഞ്ചൽ ഡി മരിയയായിരുന്നു താരം. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായ ഫ്രാൻസിന്റെ പദ്ധതികളെ പൊളിക്കാൻ അർജന്റീന ഇറക്കിയ ടീമിൽ ഏറ്റവും നിർണായകമായത് ഏഞ്ചൽ ഡി മരിയയുടെ പൊസിഷനില് മാറ്റമായിരുന്നു. തന്റെ ജോലി ഭംഗിയായി ചെയ്ത ഡി മരിയ ഒരു ഗോൾ നേടുകയും ഒരു പെനാൽറ്റി അർജന്റീനക്ക് നേടിക്കൊടുക്കുകയും ചെയ്തു.
ഏഞ്ചൽ ഡി മരിയയെ പിൻവലിക്കുന്നത് വരെ അർജന്റീന ഫ്രാൻസിനു മേൽ പൂർണമായും ആധിപത്യം സ്ഥാപിച്ചിരുന്നു. താരം തിരിച്ചു കേറിയപ്പോഴാണ് ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചു വന്നത്. രണ്ടു മിനുറ്റിനിടെ രണ്ടു ഗോളുകൾ നേടിയ ഫ്രാൻസ് മത്സരം അവസാനിക്കുന്നതിനു തൊട്ടു മുൻപ് വിജയത്തിന്റെ അരികിലെത്തിയിരുന്നു. കൊളോ മുവാനിയുടെ പോയിന്റ് ബ്ലാങ്ക് ഷോട്ട് എമിലിയാനോ തടഞ്ഞിലായിരുന്നു എങ്കിൽ തുടർച്ചയായ രണ്ടാമത്തെ ലോകകപ്പ് ഫ്രാൻസ് സ്വന്തമാക്കുമായിരുന്നു.
അർജന്റീന ലോകകപ്പ് നേടാൻ വളരെ നിർണായകമായത് ആ രക്ഷപ്പെടുത്തൽ തന്നെയാണെന്നാണ് ഫൈനലിൽ മിന്നുന്ന പ്രകടനം നടത്തിയ ഏഞ്ചൽ ഡി മരിയ കഴിഞ്ഞ ദിവസം പറഞ്ഞത്. ലോകകപ്പിനു ശേഷം നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയ എമിലിയാനോ മാർട്ടിനസിനെ താരം പിന്തുണക്കുകയും ചെയ്തു. DAZNനു നൽകിയ അഭിമുഖത്തിലാണ് ഏഞ്ചൽ ഡി മരിയ എമിലിയാനോ മാർട്ടിനസിനെ പിന്തുണച്ച് സംസാരിച്ചത്.
Ángel Di María:"Dibu's (Emiliano Martínez) save made us world champions. Many critisized him, they said that no one knew him and in the end he showed that he is the best goalkeeper in the world." Via DAZN. pic.twitter.com/iPWZI55N2x
— Roy Nemer (@RoyNemer) January 25, 2023
“കൊളോ മുവാനിയുടെ ഷോട്ട് എമിലിയാനോ മാർട്ടിനസ് തടഞ്ഞിട്ടതാണ് ഞങ്ങളെ ലോകകപ്പ് ജേതാക്കളാക്കിയത്. ഒരുപാട് പേർ താരത്തിനെതിരെ വിമർശനം നടത്തിയിരുന്നു. ആർക്കും അറിയാത്ത താരമാണ് എമിലിയാനോയെന്ന് പലരും പറയുകയുണ്ടായി. എന്നാൽ അവസാനം ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ് താനെന്ന് മാർട്ടിനസ് ലോകകപ്പിലെ പ്രകടനം കൊണ്ടു തെളിയിച്ചു.” ഏഞ്ചൽ ഡി മരിയ പറഞ്ഞു.
ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് മാർട്ടിനസ് നടത്തിയത്. ഫൈനൽ ഉൾപ്പെടെ രണ്ടു ഷൂട്ടൗട്ടുകളിൽ അർജന്റീനയെ രക്ഷിച്ചത് താരമാണ്. ഒന്നര വർഷത്തിനിടയിൽ അർജന്റീന നേടിയ മൂന്നു കിരീടങ്ങളിലും എമിലിയാനോക്ക് വലിയ പങ്കുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സമീപകാലത്ത് അർജന്റീനയിൽ കളിച്ച ഏറ്റവും മികച്ച ഗോൾകീപ്പറും എമിലിയാനോ തന്നെയാണ്.