റയൽ മാഡ്രിഡ് ആദ്യമായല്ല ഞങ്ങൾക്ക് പിന്നിലാകുന്നത്, വിമർശകർക്ക് സിമിയോണിയുടെ മറുപടി | Diego Simeone

അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിക്കുന്നുവെന്നതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള പരിശീലകനാണ് ഡീഗോ സിമിയോണി. എന്നാൽ അതിനെ ഗൗനിക്കാതെ തന്റെ ശൈലിയിൽ അടിയുറച്ചു നിന്ന് അത്ലറ്റികോ മാഡ്രിഡിന് നിരവധി നേട്ടങ്ങൾ സ്വന്തമാക്കി നൽകിയിട്ടുള്ള അദ്ദേഹം നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകരിൽ ഒരാളാണ്. അത്ലറ്റികോ മാഡ്രിഡ് അദ്ദേഹത്തെ വിട്ടുകൊടുക്കാൻ ഇപ്പോഴും തയ്യാറുമല്ല.

ഈ സീസണിന്റെ ആദ്യ പകുതിയിൽ അത്ലറ്റികോ മാഡ്രിഡ് മോശം ഫോമിൽ കളിച്ചതിനെ തുടർന്ന് നിരവധി വിമർശനങ്ങൾ സിമിയോണി ഏറ്റു വാങ്ങിയിരുന്നു. ക്ലബിൽ നിന്നും അദ്ദേഹം പുറത്തു പോകുമെന്ന റിപ്പോർട്ടുകൾ വരെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ പതിനേഴു ലീഗ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം തോൽവി വഴങ്ങി ലീഗിൽ റയൽ മാഡ്രിഡിനും മുന്നിലാണ് അത്ലറ്റികോ ഇപ്പോൾ നിൽക്കുന്നത്. ഈ സീസണിലെ വലിയ നേട്ടം ഇതാണോയെന്ന ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി അദ്ദേഹം നൽകുകയും ചെയ്‌തു.

“റയൽ മാഡ്രിഡിനും മുന്നിൽ ഞങ്ങളെത്തുന്നത് യാദൃശ്ചികമായൊരു കാര്യമല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി തവണ അത് സംഭവിച്ചിട്ടുണ്ട്. ഈ പ്രകടനം ഞങ്ങൾ നിരവധി വർഷങ്ങളായി തുടർന്നു കൊണ്ടിരിക്കുന്നു. അത് എത്രത്തോളം തുടർന്നു പോകാൻ കഴിയുമോ അതാണ് ചെയ്യാനുള്ളത്.” ഡീഗോ സിമിയോണി മാധ്യമങ്ങളോട് പറഞ്ഞു.

“ഞങ്ങളെ പലരും അവിശ്വസിച്ചിരുന്നെങ്കിലും ഞാൻ സ്വയം വിശ്വസിച്ചു. ഫുട്ബോളിൽ മാറ്റങ്ങൾ വരും, അതേക്കുറിച്ച് നേരത്തെ തന്നെ വിധിയെഴുതാൻ കഴിയില്ല. സീസൺ അവസാനിക്കുമ്പോഴാണ് ഫുട്ബോൾ വിലയിരുത്തേണ്ടത്, അതിനു മുൻപേയല്ല. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നു, അതു ഞാൻ ശ്രദ്ധിക്കുന്നു. ടീം പ്രതികരിക്കുമെന്ന് എനിക്കറിയാമായിരുന്നു.”

പ്രതിരോധഫുട്ബോൾ കളിക്കുന്ന അത്ലറ്റികോ മാഡ്രിഡ് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നേടിയത് പത്ത് ഗോളുകളാണെന്നത് ഇതിനൊപ്പം ചേർത്ത് വായിക്കേണ്ട കാര്യമാണ്. എതിരാളികൾക്കനുസരിച്ച് തന്റെ ശൈലി മാറ്റാൻ കഴിവുള്ള സിമിയോണിയുടെ ടീം കഴിഞ്ഞ പതിനേഴു മത്സരങ്ങളിൽ തോൽവി വഴങ്ങിയത് ബാഴ്‌സയോട് മാത്രമാണ്. അടുത്ത സീസണിൽ ഇതിലും മികച്ച പ്രകടനം നടത്താൻ ടീമിന് കഴിയുമെന്ന് തന്നെയാണ് ഏവരും കരുതുന്നത്.

Diego Simeone Responds To Critics After Atletico Reached 2nd Spot In Laliga

Atletico MadridDiego SimeoneLa Liga
Comments (0)
Add Comment