യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി അത്ലറ്റികോ മാഡ്രിഡ് ഇപ്പോൾ നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ ഡീഗോ സിമിയോണിയെന്ന അർജന്റീനിയൻ പരിശീലകനാണ് പതിനൊന്നു വർഷമായി സ്പാനിഷ് ക്ലബ്ബിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം ക്ലബിന് ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കി നൽകിയ മാനേജർ കൂടിയാണ്. കടുത്ത പ്രതിരോധത്തിലൂന്നി, ഒട്ടും ആകർഷകമല്ലാത്ത ഫുട്ബോൾ കളിക്കുന്നതിന്റെ പേരിൽ സിമിയോണി പലപ്പോഴും വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും അത്ലറ്റികോ മാഡ്രിഡ് ആരാധകർക്ക് അദ്ദേഹം എന്നുമൊരു ഹീറോ തന്നെയാണ്.
എന്നാൽ അത്ലറ്റികോ മാഡ്രിഡിലെ സിമിയോണി യുഗത്തിന് അവസാനമാകാൻ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കുയിറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസണു ശേഷം അത്ലറ്റികോ മാഡ്രിഡ് വിടാനാണ് സിമിയോണിയുടെ തീരുമാനം. ഇക്കാര്യം അദ്ദേഹം ക്ലബ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ സിമിയോണിയുടെ തീരുമാനത്തോട് അത്ലറ്റികോ മാഡ്രിഡ് നേതൃത്വം എങ്ങിനെ പ്രതികരിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. 2024 വരെ അത്ലറ്റികോ മാഡ്രിഡുമായി കരാറുള്ള പരിശീലകനാണ് സിമിയോണി.
അത്ലറ്റികോ മാഡ്രിഡ് പരിശീലകനായതിനു ശേഷം ക്ലബ്ബിനെ മുഴുവൻ സീസൺ പരിശീലിപ്പിച്ചപ്പോഴെല്ലാം അദ്ദേഹം ടോപ് ഫോറിൽ എത്തിച്ചിട്ടുണ്ട്. ബാഴ്സയും റയൽ മാഡ്രിഡും അപ്രമാദിത്വം കാണിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവരെ പിന്നിലാക്കി രണ്ടു ലീഗ് കിരീടങ്ങൾ നേടാൻ കഴിഞ്ഞുവെന്നതു തന്നെ സിമിയോണിയുടെ മികവ് തെളിയിക്കുന്നു. അതിനു പുറമെ രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലേക്ക് ടീമിനെ നയിച്ച അദ്ദേഹം 2014ൽ വിജയത്തിന്റെ തൊട്ടരികിൽ എത്തിയതിനു ശേഷമാണ് പരാജയം നേരിട്ടത്. രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലിലും റയൽ മാഡ്രിഡിനോടാണ് സിമിയോണി തോൽവി നേരിട്ടത്.
🚨 Diego Simeone will leave Atletico Madrid at the end of the season, according to reports in Spain. pic.twitter.com/obDKIO8Mex
— SPORTbible (@sportbible) January 10, 2023
ഇതിനു പുറമെ ഒരു കോപ്പ ഡെൽ റേ, രണ്ടു യൂറോപ്പ ലീഗ്, രണ്ടു യൂറോപ്യൻ സൂപ്പർകപ്പ്, ഒരു സ്പാനിഷ് സൂപ്പർകപ്പ് എന്നിവയും സിമിയോണിക്ക് കീഴിൽ അത്ലറ്റികോ മാഡ്രിഡ് നേടി. 1996ൽ അവസാനമായി ലീഗ് കിരീടം നേടിയ, സിമിയോണി വരുന്നതിനു പത്തു വർഷം മുൻപ് രണ്ടാം ഡിവിഷനിൽ കിടന്ന ടീമിനെക്കൊണ്ടാണ് അദ്ദേഹം ഇത്രയും നേട്ടങ്ങൾ കൊയ്തത്. അതുകൊണ്ടു തന്നെയാണ് ചില സീസണുകളിൽ തിരിച്ചടികളിൽ ഉണ്ടാകുമ്പോഴും ഒരു മാറ്റത്തെക്കുറിച്ച് ചിന്തിക്കാതെ അത്ലറ്റികോ മാഡ്രിഡ് സിമിയോണിയെ മുറുക്കിപ്പിടിച്ചതും. നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകരിൽ ഒരാൾ കൂടിയാണ് സിമിയോണി.
2020-21 സീസണിലാണ് സിമിയോണി അത്ലറ്റികോ മാഡ്രിഡിന് അവസാനമായി കിരീടം സ്വന്തമാക്കി നൽകുന്നത്. കഴിഞ്ഞ സീസണിൽ ടോപ് ഫോറിൽ ഫിനിഷ് ചെയ്ത ടീം പക്ഷെ ഈ സീസണിൽ മികച്ച പ്രകടനമല്ല നടത്തുന്നത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള അത്ലറ്റികോക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന പ്രതീക്ഷയുണ്ടെങ്കിലും കിരീടം നേടാൻ സാധ്യത കുറവാണ്. എന്നാൽ ഇതു തന്റെ അവസാനത്തെ സീസണാണെങ്കിൽ ടീമിന് ഏതെങ്കിലും കിരീടം നേടിക്കൊടുത്തത് ക്ലബ് വിടാൻ തന്നെയാവും സിമിയോണി ആഗ്രഹിക്കുന്നുണ്ടാവുക.