ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരു ചുവടു മാത്രം ബാക്കി, ഈസ്റ്റ് ബംഗാളിനെ ഓഫർ സ്വീകരിച്ച് ഗ്രീക്ക് താരം | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യത വർധിക്കുന്നു. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളായി ഐഎസ്എല്ലിലെ ടോപ് സ്‌കോറർ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ള താരം ഓഫർ സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

സോണി സ്പോർട്ട്സ് നെറ്റ്‌വർക്ക്, ഐ ലീഗ് എന്നിവയിലെ കമന്റേറ്ററായ സോഹൻ പോഡെർ പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാൾ നൽകിയ ഓഫർ ദിമിത്രിയോസ് സ്വീകരിച്ചിട്ടുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരമായതിനാൽ തന്നെ പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ കഴിയുമെങ്കിലും ദിമിത്രിയോസ് ഇതുവരെ കരാറൊപ്പിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനു മുൻപും താരത്തിനായി ഈസ്റ്റ് ബംഗാൾ രംഗത്തു വന്നിരുന്നു. ഈസ്റ്റ് ബംഗാൾ അടക്കം മൂന്നോളം ക്ലബുകൾ താരത്തിനായി ഓഫർ നൽകിയെങ്കിലും അതൊന്നും ദിമിത്രിയോസ് പരിഗണിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാൾ തങ്ങളുടെ ഓഫർ പുതുക്കി കൂടുതൽ മികച്ച കരാർ നൽകിയതോടെയാണ്‌ ദിമിത്രിയോസിന്റെ മനസ് മാറിയതെന്നു വേണം കരുതാൻ.

കഴിഞ്ഞ രണ്ടു സീസണുകളായി ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയാണ് ദിമിത്രിയോസ്. കഴിഞ്ഞ സീസണിൽ പതിമൂന്നും ഈ സീസണിലിതു വരെ പതിനഞ്ചും ഗോളുകളിൽ പങ്കാളിയാകാൻ താരത്തിന് കഴിഞ്ഞു. ഈ സീസണിൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോൾ മുന്നേറ്റനിരയെയും ടീമിനെയും നയിച്ച ദിമിയുടെ പ്രകടനം ആരാധകരിൽ ആർക്കും മറക്കാൻ കഴിയില്ലെന്നുറപ്പാണ്.

ദിമിത്രിയോസിന്റെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതേക്കുറിച്ച് യാതൊരു വിവരവുമില്ല. അതുകൊണ്ടു തന്നെ ഗ്രീക്ക് താരം ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണെന്നു തന്നെ വേണം കരുതാൻ. എന്തായാലും ഇതുവരെ കളിച്ചിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാളായ ദിമി പോകുന്നത് ക്ലബിന് തിരിച്ചടി തന്നെയാണ്.

Dimitrios Accepted Revised Offer From East Bengal

Dimitrios DiamantakosEast BengalKerala Blasters
Comments (0)
Add Comment