ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്തയെത്തി, ദിമിത്രിയോസുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വലിയൊരു ആശങ്കക്ക് പരിഹാരമായെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീസണോടെ കരാർ അവസാനിക്കുമായിരുന്ന സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റാക്കോസുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ടു വർഷത്തെ കരാറാണ് താരം ഒപ്പിട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള ദിമിത്രിയോസിന്റെ കരാർ അവസാനിക്കാൻ പോകുന്നതിനാൽ തന്നെ നിരവധി ക്ലബുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ താരം ഈസ്റ്റ് ബംഗാളിന്റെ ഓഫർ സ്വീകരിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടായി. എന്നാൽ ദിമിത്രിയോസിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഏറെക്കുറെ അവസാനമായെന്നു വേണം കരുതാൻ.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടം രണ്ടു സീസണുകൾ കൊണ്ട് സ്വന്തമാക്കിയ താരമാണ് ദിമിത്രിയോസ്. കഴിഞ്ഞ സീസണിലും ഈ സീസണിലും ഐഎസ്എല്ലിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ദിമിത്രിയോസ് മുന്നിൽ തന്നെയുണ്ടായിരുന്നു. ഈ സീസണിൽ ഗോൾഡൻ ബൂട്ട് ലക്ഷ്യമാക്കിയാണ് താരം ഗോളുകൾ അടിച്ചു കൂട്ടുന്നത്.

കഴിഞ്ഞ സീസണിൽ പത്തും ഈ സീസനിലിതു വരെ പന്ത്രണ്ടും ഗോളുകൾ നേടിയ ദിമിത്രിയോസിന്റെ ഭാവി വലിയൊരു ആശങ്ക തന്നെയായിരുന്നു. ബ്ലാസ്റ്റേഴ്‌സിൽ ഇതുവരെ കളിച്ചിട്ടുള്ള സ്‌ട്രൈക്കർമാരിൽ ഏറ്റവും മികച്ച ഒരാളായ ദിമിത്രിയോസ് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നത് ടീമിന് ക്ഷീണമാണ്. എന്നാൽ കൃത്യമായ ഇടപെടലിലൂടെ എല്ലാം പരിഹരിക്കാൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന് കഴിഞ്ഞു.

ദിമിത്രിയോസിന്റെ കരാർ പുതുക്കിയത് ടീമിനും പുതിയൊരു ഊർജ്ജം നൽകും. അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ പൂർത്തിയാക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തന്റെ ഭാവി തീരുമാനമായതിനാൽ തന്നെ ദിമിത്രിയോസിനു സമാധാനമായി കളി തുടരാം. ഇത് താരത്തിന്റെ പ്രകടനത്തെ മെച്ചപ്പെടുത്തിയാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളും വർധിക്കും.

Dimitrios Extend Contract With Kerala Blasters

Dimitrios DiamantakosKBFCKerala Blasters
Comments (0)
Add Comment