കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറ്റവും ആശങ്കയുള്ള കാര്യമാണ് ദിമിത്രിയോസിന്റെ ഭാവി എന്താകുമെന്ന്. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്ത സീസണിൽ താരം ടീമിനൊപ്പം ഉണ്ടാകുമോ എന്ന കാര്യത്തിലുള്ള അനിശ്ചിതത്വം ഇപ്പോഴും അവസാനിച്ചിട്ടില്ല.
ദിമിത്രിയോസിനു പുതിയ കരാർ വാഗ്‌ദാനം ചെയ്‌തെങ്കിലും താരം ആ ഓഫർ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളായി ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന തനിക്ക് നൽകിയത് മതിയായ രൂപത്തിലുള്ള ഓഫറല്ലെന്നാണ് താരം കരുതുന്നത്. കൂടുതൽ പ്രതിഫലം വാദ്ഗാനം ചെയ്‌തിട്ടുള്ള ഓഫർ ലഭിച്ചാൽ മാത്രമേ ദിമിത്രിയോസ് അത് പരിഗണിക്കാനുള്ള സാധ്യതയുള്ളൂ.
Dimitrios Diamantakos for #KeralaBlasters in #ISL 23-24
📋17 Apps
⚽13 Goals
🎁3 Assists
👨🍳1.08 Goals/90
🪄1.62 Chances/90
🛂1.42 Key Passes/90
🎯2.16 Shots/90
💪3.57 Duels Won/90
🚫2.06 Defensive Actions/90
🎖️1 × Golden BootThe finest finisher ✨#KBFC #IndianFootball pic.twitter.com/01K4Tw8LuS
— Devansh (@AFC_Dev17) May 5, 2024
അതിനിടയിൽ കഴിഞ്ഞ ദിവസം താരത്തിനായി നിലവിൽ മുന്നോട്ടു വന്നിരിക്കുന്ന മറ്റുള്ള ഐഎസ്എൽ ക്ലബുകളെക്കുറിച്ച് ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുകയുണ്ടായി. മൂന്ന് ഐഎസ്എൽ ക്ലബുകളിൽ നിന്നും ദിമിത്രിയോസിന് നിലവിൽ ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ അതേതൊക്കെ ക്ലബുകളാണെന്ന കാര്യം വ്യക്തമല്ല.
നേരത്തെ തന്നെ ബെംഗളൂരു എഫ്‌സി, ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എഫ്‌സി എന്നീ ക്ലബുകൾ ദിമിത്രിയോസിനായി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് സത്യമാണെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. എന്തായാലും താരത്തെ നിലനിർത്താൻ തന്നെ ഉദ്ദേശിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു ഓഫർ നൽകിയിട്ടുണ്ടെന്നത് ആശ്വാസമാണ്.
അതേസമയം ബ്ലാസ്റ്റേഴ്‌സ് നൽകിയതിനേക്കാൾ മികച്ച ഓഫർ മറ്റേതെങ്കിലും ക്ലബുകൾ നൽകിയാൽ ദിമിത്രിയോസ് അത് പരിഗണിക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിവ് തെളിയിച്ച, ഒരു ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരത്തിന് ആവശ്യക്കാർ കൂടുതലാണ്. താരത്തെ നഷ്‌ടമാക്കിയാൽ അത് ബ്ലാസ്റ്റേഴ്‌സിനും വലിയ തിരിച്ചടി തന്നെയായിരിക്കും.
Dimitrios Has Offers From Three ISL Clubs