അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചിരുന്നു. എന്നാൽ അതിനു ശേഷമുള്ള മൂന്നു മത്സരങ്ങളിൽ തുടർച്ചയായ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആ വിജയങ്ങൾക്കും അതിനു ശേഷമുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഭൂരിഭാഗം ഗോളുകൾക്കും കടപ്പെട്ടിരിക്കുന്നത് ദിമിത്രിയോസ് എന്ന സ്‌ട്രൈക്കറോടാണ്.
പെപ്ര അടക്കം മറ്റു താരങ്ങൾക്കും പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന്റെ ഫോമിനെ ബാധിച്ചെങ്കിലും ദിമിത്രിയോസ് അപ്പോഴും ടീമിനായി ഗംഭീര പ്രകടനം നടത്തുന്നത് തുടരുകയാണ്. ലൂണ പരിക്കേറ്റു പുറത്തു പോയതിനു ശേഷം നടന്ന ഐഎസ്എൽ മത്സരങ്ങളിൽ മാത്രം ഒൻപത് ഗോളും രണ്ട അസിസ്റ്റുമാണ് ദിമിത്രിയോസ് സ്വന്തമാക്കിയത്. ഇന്നലെയും ടീമിനെ മുന്നിലെത്തിച്ചത് ദിമിത്രിയോസ് ആയിരുന്നു.
20 G/A for Dimitrios Diamantakos this season 🌟🇬🇷 #KBFC pic.twitter.com/cNheUudWoI
— KBFC XTRA (@kbfcxtra) March 30, 2024
ഇന്നലെ നേടിയ ഗോളോടെ ഐഎസ്എല്ലിൽ ഈ സീസണിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളിൽ ഗ്രീക്ക് താരം ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. പതിമൂന്നു ഗോളും മൂന്ന് അസിസ്റ്റും ഈ സീസണിൽ സ്വന്തമാക്കിയ താരം പന്ത്രണ്ടു ഗോൾ നേടിയ റോയ് കൃഷ്‌ണയെ പിന്നിലാക്കി. സൂപ്പർ കപ്പ് മത്സരങ്ങളിലെ പ്രകടനം കൂടി കണക്കാക്കിയാൽ ഇരുപത് ഗോളുകളിലാണ് ഈ സീസണിൽ താരം പങ്കാളിയായത്.
ദിമിത്രിയോസിനെക്കാൾ മൂല്യം കൂടിയ നിരവധി താരങ്ങൾ ഐഎസ്എല്ലിൽ കളിക്കുന്നുണ്ടെന്നിരിക്കെയാണ് താരം ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. മോഹൻ ബഗാന്റെ വമ്പൻ താരങ്ങളായ കുമ്മിങ്സ്, പെട്രാറ്റോസ് എന്നിവരെല്ലാം ഒൻപതും എട്ടും ഗോളുകളുമായി ദിമിക്ക് വളരെ പിന്നിലാണ് നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ പത്ത് ഗോളുകൾ ദിമി സ്വന്തമാക്കിയിരുന്നു.
മികച്ച പ്രകടനം നടത്തുന്ന ദിമിത്രിയോസിനു വേണ്ടത്ര പിന്തുണ നൽകാൻ മറ്റു താരങ്ങൾക്ക് കഴിയുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. ബോക്‌സിലേക്ക് നിരന്തരം പന്തുകൾ എത്തിക്കാൻ കഴിയുന്ന ലൂണയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ഇല്ലാത്തത് തിരിച്ചടി നൽകുന്നുണ്ട്. എന്തായാലും ബ്ലാസ്റ്റേഴ്‌സ് ദിമിയെ നിലനിർത്തണമെന്ന കാര്യത്തിൽ സംശയമില്ല.
Dimitrios Is The Top Scorer Of ISL