ആദ്യ സീസണെ വെല്ലുന്ന ഗംഭീര പ്രകടനം ഈ സീസണിൽ, കുതിച്ചുയർന്ന് ദിമിത്രിയോസിന്റെ ട്രാൻസ്‌ഫർ മൂല്യം | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. പെരേര ഡയസ് ക്ലബ് വിട്ടതിനു പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരം കളിച്ച രണ്ടു സീസണിലും ഗംഭീര പ്രകടനം നടത്തുകയും ഇത്തവണ ചരിത്രത്തിൽ ആദ്യമായി ഗോൾഡൻ ബൂട്ട് ബ്ലാസ്റ്റേഴ്‌സിനു സ്വന്തമാക്കി നൽകുകയും ചെയ്‌തു.

മുപ്പത്തിയൊന്നുകാരനായ ദിമിത്രിയോസ് ഐഎസ്എല്ലിൽ നടത്തുന്ന പ്രകടനം ഓരോ സീസൺ കഴിയുന്തോറും മെച്ചപ്പെട്ടു വരികയാണ്. കഴിഞ്ഞ സീസണിൽ ഇരുപത്തിയൊന്ന് മത്സരങ്ങൾ കളിച്ച താരം പത്ത് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. അതേസമയം ഈ സീസണിൽ വെറും പതിനേഴു മത്സരങ്ങളിൽ നിന്നും പതിമൂന്നു ഗോളും മൂന്ന് അസിസ്റ്റും താരം നേടി.

ദിമിത്രിയോസിന്റെ പ്രകടനം താരത്തിന്റെ ട്രാൻസ്‌ഫർ മൂല്യത്തിലും വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നാല് കോടി രൂപയായിരുന്നു താരത്തിന്റെ മൂല്യമെങ്കിൽ ഈ സീസൺ കഴിഞ്ഞപ്പോൾ 4.8 കോടി രൂപയായാണ് അത് വർധിച്ചിരിക്കുന്നത്. മുപ്പത്തിയൊന്നാം വയസിൽ ട്രാൻസ്‌ഫർ മൂല്യത്തിൽ ഇത്രയും വർദ്ധനവുണ്ടാക്കിയത് വലിയ നേട്ടം തന്നെയാണ്.

ഈ സീസണിൽ ഐഎസ്എല്ലിലെ ടോപ് സ്‌കോറർ ദിമിത്രിയോസായിരുന്നു. ഒഡിഷ എഫ്‌സിയുടെ റോയ് കൃഷ്‌ണയും പതിമൂന്നു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയെങ്കിലും താരത്തെക്കാൾ കുറവ് മത്സരമേ ദിമിത്രിയോസ് കളിച്ചിട്ടുള്ളൂ എന്നതിനാലാണ് ഗോൾഡൻ ബൂട്ട് നേടാനായത്. ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിച്ചതും ദിമിത്രിയോസ് തന്നെയാണ്.

ഇത്രയും മികവ് കാണിച്ചിട്ടും ഇതുവരെ ദിമിയുമായുള്ള കരാർ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തയ്യാറായിട്ടില്ല. താരത്തിന് പുതിയ കരാർ ഓഫർ ചെയ്‌തിട്ടുണ്ടെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. നിരവധി ക്ലബുകൾ സ്വന്തമാക്കാൻ രംഗത്തുള്ള താരത്തെ നഷ്‌ടമാക്കിയാൽ അത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി തന്നെയാകും.

Dimitrios Diamantakos Market Value Increased

Dimitrios DiamantakosKBFCKerala Blasters
Comments (0)
Add Comment