ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോ ദിമിത്രിയോസ്, ഐഎസ്എൽ ഡിസംബറിലെ മികച്ച താരത്തിനുള്ള പട്ടികയിൽ ഗ്രീക്ക് താരവും | Dimitrios

ഡിസംബർ പതിനാലിന് പഞ്ചാബ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിന് രണ്ടു ദിവസം മുൻപാണ് കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുന്നത്. പഞ്ചാബിനെതിരായ മത്സരം മാത്രമേ താരത്തിന് നഷ്‌ടമാകൂവെന്നാണ്‌ കരുതിയതെങ്കിലും പിന്നീട് ഈ സീസണിൽ താരം ഇനി കളിക്കളത്തിൽ ഇറങ്ങാനുള്ള സാദ്ധ്യതയില്ലെന്ന് വ്യക്തമായി.

അതുവരെ ലൂണയുടെ മികവിൽ മുന്നോട്ടു കുതിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിന് അതൊരു തിരിച്ചടി ആയെങ്കിലും അവിടെ മുതൽ ദിമിത്രിയോസ് ഡയമെന്റക്കൊസ് എന്ന ഗ്രീക്ക് താരം മുന്നേറ്റനിരയുടെ കടിഞ്ഞാൺ ഏറ്റെടുക്കുന്നതാണ് കണ്ടത്. ലൂണയുടെ അഭാവത്തിൽ തന്റെ പരിചയസമ്പത്തും മികവും കൂടുതൽ ഉപയോഗപ്പെടുത്തിയ താരം ഏറ്റവും മികച്ച രീതിയിൽ ടീമിനെ നയിച്ചു.

പഞ്ചാബ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ പെനാൽറ്റിയിലൂടെ ടീമിന്റെ വിജയഗോൾ നേടിയ ദിമിത്രിയോസ് അതിനു ശേഷം മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടുകയും ഒരെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌തു. മോഹൻ ബാഗാനെതിരെ നടന്ന മത്സരത്തിൽ താരം നേടിയ വിജയഗോൾ ആരും മറക്കാനുള്ള സാധ്യതയില്ല.

ഡിസംബർ മാസത്തിൽ നാല് മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ദിമിത്രിയോസ് ഐഎസ്എല്ലിൽ ഡിസംബർ പ്ലേയർ ഓഫ് ദി മന്ത് പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡിഷ എഫ്‌സിയുടെ റോയ് കൃഷ്‌ണ, അമരീന്ദർ, ഐസക്ക്, ഈസ്റ്റ് ബംഗാളിന്റെ ഹിജാസി മഹർ എന്നിവർക്കൊപ്പമാണ്‌ ദിമിത്രിയോസ് ഉൾപ്പെട്ടിരിക്കുന്നത്.

ആരാധകരുടെ വോട്ട് അൻപത് ശതമാനവും ബാക്കി പാനലും തീരുമാനിച്ചാണ് ഈ പുരസ്‌കാരം നൽകുക. ടീമിന്റെ നായകൻറെ അഭാവത്തിൽ ദിമിത്രിയോസ് നടത്തിയ ഈ പ്രകടനം അവാർഡ് അർഹിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അത് വരുന്ന മത്സരങ്ങളിലും കൂടുതൽ മികച്ച പ്രകടനം നടത്താൻ ദിമിത്രിയോസിനു പ്രചോദനം നൽകും. ഇന്ത്യൻ സൂപ്പർ ലീഗ് വെബ്‌സൈറ്റിലൂടെയാണ് വോട്ടുകൾ ചെയ്യേണ്ടത്.

Dimitrios Nominated For ISL December Player Of The Month

Dimitrios DiamantakosISLKerala Blasters
Comments (0)
Add Comment