ദിമിയെ കൈവിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമല്ല, ഗ്രീക്ക് താരത്തിന് പുതിയ ഓഫർ നൽകി ക്ലബ് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ദയമെന്റാക്കോസിനു പുതിയ ഓഫർ നൽകിയെന്ന് റിപ്പോർട്ടുകൾ. ഐഎസ്എല്ലിലെ പല വമ്പൻ ക്ലബുകളും നോട്ടമിട്ടിട്ടുള്ള താരത്തെ നിലനിർത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌ട്രൈക്കറാണ് ദിമിത്രിയോസ്. ആദ്യത്തെ സീസണിൽ പത്ത് ഗോളുകൾ നേടിയ താരം ഇന്ത്യയിലേക്കുള്ള തന്റെ വരവറിയിച്ചു. അതിനു ശേഷം ഈ സീസണിൽ തന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയ ദിമിത്രിയോസ് പതിമൂന്നു ഗോളുകൾ നേടി ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.

ദിമി ഗോൾഡൻ ബൂട്ട് നേടിയെങ്കിലും താരം ടീമിനൊപ്പം തന്നെ തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിന്നിരുന്നു. കരാർ അവസാനിച്ച താരം അത് പുതുക്കാൻ മുന്നോട്ടു വെച്ച ഓഫർ തള്ളിയതാണ് അതിനു കാരണം. രണ്ടു സീസണുകളായി മികച്ച പ്രകടനം നടത്തുന്ന തനിക്ക് കൂടുതൽ പ്രതിഫലം നൽകുന്ന തരത്തിലുള്ള ഓഫർ നൽകണമെന്നതായിരുന്നു ദിമിയുടെ ആവശ്യം.

അതിനോട് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം അനുകൂലമായ തീരുമാനമെടുക്കാൻ വൈകുന്നത് ആരാധകരുടെ ആശങ്ക വർധിപ്പിച്ചു. എന്തായാലും പുതിയ ഓഫർ ദിമിത്രിയോസിനു സ്വീകാര്യമായ ഒന്നാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഗോൾഡൻ ബൂട്ട് നേടിയ താരത്തെ ഏതു വിധേനയും ടീമിനൊപ്പം നിലനിർത്തുകയെന്നതാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇപ്പോൾ ലക്ഷ്യമിടുന്നത്.

ആദ്യത്തെ സീസണിലേക്കാൾ മികച്ച പ്രകടനം രണ്ടാമത്തെ സീസണിൽ നടത്തിയ ദിമിത്രിയോസ് ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങിയെന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ താരം മറ്റേതൊരു ടീമിലേക്ക് പോയാലും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. അതേസമയം ദിമിത്രിയോസ് തുടർന്നാൽ കൂടുതൽ മികച്ച പ്രകടനം അടുത്ത സീസണിൽ പ്രതീക്ഷിക്കാം.

Dimitrios Offer Revised By Kerala Blasters

Dimitrios DiamantakosKerala Blasters
Comments (0)
Add Comment