കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സ്‌ട്രൈക്കറായ ദിമിത്രിയോസ് ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ക്ലബ് വിടുകയാണെന്ന പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. ഈ സീസണിൽ ഐഎസ്എല്ലിലെ ടോപ് സ്കോററായ താരത്തെ നിലനിർത്താൻ വേണ്ടി ആരാധകർ ഒന്നടങ്കം ആവശ്യപ്പെട്ടു കൊണ്ടിരിക്കെയാണ് ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്നു പ്രഖ്യാപിച്ചത്.
ദിമിത്രിയോസിന്റെ തീരുമാനം ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തോടുള്ള അതൃപ്‌തി കൊണ്ടാണെന്ന് സംശയം ആരാധകർക്കുണ്ട്. താരം ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് പ്രഖ്യാപനം നടത്തിയ സന്ദേശത്തിൽ അത് തെളിഞ്ഞു നിൽക്കുന്നു. ആരാധകർക്ക് തുടർച്ചയായി നന്ദി പറയുന്ന താരം ഒരിക്കൽപ്പോലും ക്ലബിനെയും ക്ലബ് നേതൃത്വത്തെയും ആ പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാൻ ദിമിത്രിയോസിനു താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു വെച്ച ഓഫറിലെ പ്രതിഫലം വർധിപ്പിച്ചു നൽകണമെന്ന് താരം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. രണ്ടു സീസണുകൾ ഗംഭീര പ്രകടനം നടത്തിയ താരം കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതും ന്യായം തന്നെയാണ്.
ഈ ആവശ്യം ബ്ലാസ്റ്റേഴ്‌സ് തള്ളിക്കളഞ്ഞതാണോ ദിമിത്രിയോസിന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്നത് വ്യക്തമാക്കേണ്ടതുണ്ട്. എന്തായാലും താരത്തിന്റെ സന്ദേശം അതിന്റെ സൂചനകൾ തന്നെയാണ് നൽകുന്നത്. ദിമിത്രിയോസിന്റെ പോസ്റ്റിൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തെ പരാമർശിക്കാത്തതിന് പുറമെ താരം പ്രഖ്യാപനം നടത്തിയിട്ടും ബ്ലാസ്റ്റേഴ്‌സ് ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പോലും ഇട്ടിട്ടുമില്ല.
മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ഒഴിവാക്കുന്നത് ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന്റെ സ്ഥിരം പരിപാടിയാണ്. ഇയാൻ ഹ്യൂം, ഓഗ്‌ബെച്ചേ, പെരേര ഡയസ് തുടങ്ങിയ താരങ്ങളെല്ലാം മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിൽ നടത്തിയതിനു ശേഷം അതിനടുത്ത സീസണിൽ കരാർ പുതുക്കാതിരുന്ന താരങ്ങളാണ്. ആ നിരയിലേക്ക് വരുന്ന മറ്റൊരു താരമായി മാറുകയാണ് ദിമിത്രിയോസും.
Dimitrios Only Thank Kerala Blasters Fans