രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള വിദേശതാരമാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. രണ്ടു സീസണുകളിലും ടീമിന്റെ മുന്നേറ്റനിരയെ നയിക്കുന്ന താരം കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ നേടിയിരുന്നു. ഈ സീസണിൽ പതിമൂന്നു ഗോളുകൾ നേടി തന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയ താരം നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിൽ വന്ന രണ്ടു വർഷത്തിനിടയിൽ ഏറ്റവുമധികം മെച്ചപ്പെട്ട താരം ആരാണെന്ന ചോദ്യത്തിനു ദിമിത്രിയോസ് മറുപടി പറഞ്ഞിരുന്നു. ഈ സീസണിൽ ടീമിന്റെ മധ്യനിരയിൽ സജീവസാന്നിധ്യമായി മികച്ച പ്രകടനം നടത്തുന്ന മലയാളി താരം വിബിൻ മോഹനനെയാണ് ദിമിത്രിയോസ് തിരഞ്ഞെടുത്തത്.
Dimitrios Diamantakos picked Vibin Mohanan as most improved player in Kerala Blasters this season 🔝🇮🇳 #KBFC pic.twitter.com/0dEU3ObtZu
— KBFC XTRA (@kbfcxtra) March 30, 2024
കഴിഞ്ഞ വർഷം ജനുവരിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന് വേണ്ടി വിബിൻ മോഹനൻ അരങ്ങേറ്റം കുറിക്കുന്നത്. ഈ സീസണിൽ ടീമിൽ സ്ഥിരസാന്നിധ്യമായി മാറാൻ താരത്തിന് കഴിഞ്ഞു. മികച്ച പന്തടക്കവും പാസിംഗ് മികവും വിഷനുമുള്ള താരം നിരവധി പേരുടെ പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇന്ത്യൻ ടീമിലേക്ക് വിബിനെ തിരഞ്ഞെടുക്കാൻ സമയമായെന്ന് ഐഎം വിജയനും അഭിപ്രായപ്പെട്ടിരുന്നു.
വെറും ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള താരമാണ് വിബിൻ മോഹനൻ. എന്നാൽ പ്രായത്തെ വെല്ലുന്ന പക്വതയാണ് താരം കളിക്കളത്തിൽ കാണിക്കുന്നത്. ഇപ്പോൾ തന്നെ പരിചയസമ്പന്നനായ ഒരു താരത്തെ പോലെ കളിക്കുന്ന വിബിൻ മോഹനന് കൂടുതൽ മത്സരപരിചയം വരികയും സാങ്കേതികമായി മെച്ചപ്പെടുകയും ചെയ്‌താൽ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിലെ മികച്ച താരമായി മാറാൻ കഴിയും.
ദിമിത്രിയോസിന്റെ പ്രശംസ വിബിൻ മോഹനന് വലിയൊരു ഊർജ്ജമാണ്. കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ അത് താരത്തെ സഹായിക്കും. ഈ സീസണിലെ പ്രകടനം കൊണ്ട് ഇന്ത്യയുടെ അണ്ടർ 23 ടീമിലിടം പിടിക്കാൻ കഴിഞ്ഞ വിബിൻ മോഹൻ സമീപഭാവിയിൽ തന്നെ സീനിയർ ടീമിലേക്കും വരുമെന്ന കാര്യത്തിൽ സംശയമില്ല.
Dimitrios Picked Vibin Mohanan As Most Improved Player