വെറും രണ്ടു സീസൺ കൊണ്ട് അഡ്രിയാൻ ലൂണയെയും പിന്നിലാക്കി ദിമിത്രിയോസ്, ഗ്രീക്ക് താരത്തിന്റെ ഗംഭീര പ്രകടനം തുടരുന്നു | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ഗംഭീര ഫോം തുടരുകയാണ്. കഴിഞ്ഞ ദിവസം മോഹൻ ബഗാനെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽവി വഴങ്ങിയപ്പോൾ രണ്ടു ഗോളുകളും ദിമിത്രിയോസിന്റെ വകയായിരുന്നു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ ദിമിത്രിയോസിന് ആദ്യത്തെ ഏതാനും മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ഫോമിലെത്തിയിരുന്നു. സീസൺ അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്കോററായിരുന്നു ഗ്രീക്ക് താരം. വെറും രണ്ടു ഗോളുകൾക്കാണ് ദിമിത്രിയോസിനു ഐഎസ്എല്ലിലെ ടോപ് സ്‌കോറർ സ്ഥാനം നഷ്‌ടമായത്‌.

ഈ സീസണിൽ പന്ത്രണ്ടു ഗോളുകൾ നേടി ഐഎസ്എല്ലിലെ തന്നെ ടോപ് സ്കോറർമാരിൽ ഒരാളായ താരം കഴിഞ്ഞ ദിവസം വലിയൊരു നേട്ടം സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സിനായി ഇതുവരെ മുപ്പത്തിനാല് ഗോളുകളിൽ പങ്കാളിയായ താരം ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. അഡ്രിയാൻ ലൂണയെയാണ് ദിമിത്രിയോസ് മറികടന്നത്.

അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിനായി മുപ്പത്തിമൂന്നു ഗോളുകളിലാണ് ഇതുവരെ പങ്കാളിയായത്. മൂന്നു സീസണുകളിൽ ടീമിനൊപ്പം കളിച്ചാണ് ലൂണ ഈ നേട്ടം സ്വന്തമാക്കിയത്. ഇതാണ് രണ്ടു സീസണുകൾ കൊണ്ട് ദിമിത്രിയോസ് മറികടന്നത്. ബ്ലാസ്റ്റേഴ്‌സിനു താരത്തിന്റെ സാന്നിധ്യം എത്രത്തോളം വിലപ്പെട്ടതാണെന്ന് ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്.

നിലവിൽ ഐഎസ്എല്ലിൽ കളിച്ചു കൊണ്ടിരിക്കുന്നവരിൽ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ദിമിയെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പരിക്കടക്കമുള്ള തിരിച്ചടികൾ ടീമിനെ ബാധിച്ചതിനാൽ താരത്തിന്റെ മികവ് മത്സരഫലത്തെ അനുകൂലമാക്കുന്നില്ല. എങ്കിലും തന്റെ പരമാവധി കളിക്കളത്തിൽ നൽകുന്ന താരം ഏതൊരു ടീമിന്റെയും പേടിസ്വപ്‌നമാണ്.

Dimitrios Player With Most Goal Contributions For Kerala Blasters

Dimitrios DiamantakosKBFCKerala Blasters
Comments (0)
Add Comment