കേരള ബ്ലാസ്റ്റേഴ്‌സിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. ഐഎസ്എല്ലിൽ എത്തിയ ആദ്യത്തെ സീസണിൽ തന്നെ ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളായി മാറിയ താരം ഈ സീസണിൽ തന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ ഗോളടി മികവിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളും.
അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോഴാണ് ദിമിത്രിയോസ് തന്റെ മികവ് കൂടുതൽ പുറത്തെടുത്തത്. അതിനു ശേഷം കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കുന്ന താരം ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ മാത്രമല്ല, പ്ലേ മേക്കർ എന്ന നിലയിലും തിളങ്ങി. പെപ്ര പരിക്കേറ്റു പുറത്തായിട്ടും ബ്ലാസ്റ്റേഴ്‌സ് പിടിച്ചു നിൽക്കുന്നത് ദിമിത്രിയോസിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ തന്നെയാണ്.
🚨| Official: Dimitrios Diamantakos selected as KBFC February Player Of The Month 🌟🇬🇷 #KBFC pic.twitter.com/ISTxtQ4RfK
— KBFC XTRA (@kbfcxtra) March 2, 2024
എന്തായാലും ദിമിത്രിയോസിന്റെ മികവിനുള്ള അംഗീകാരം താരത്തിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫെബ്രുവരി മാസത്തിലെ ഏറ്റവും മികച്ച താരത്തെ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം സ്വന്തമാക്കിയത് ദിമിത്രിയോസാണ്. ദിമിത്രിയോസ് അല്ലാതെ മറ്റൊരു താരവും ആ പുരസ്‌കാരം അർഹിക്കുന്നില്ലെന്നതാണ് ശരിയായ കാര്യം.
ഫെബ്രുവരിയിൽ ഗോവക്കെതിരായ മത്സരം മാറ്റി നിർത്തിയാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം മോശമായിരുന്നു. എന്നാൽ അപ്പോഴും ദിമിത്രിയോസ് മികച്ച പ്രകടനമാണ് നടത്തിയത്. മൂന്നു മത്സരങ്ങൾ കളിച്ച താരം മൂന്നു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. ചെന്നൈക്കെതിരെ നടന്ന മത്സരത്തിൽ ദിമിത്രിയോസിന്റെ അഭാവം ടീമിനെ ബാധിച്ചിരുന്നു.
ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം തുടർച്ചയായ രണ്ടാമത്തെ സീസണിലും മികച്ച പ്രകടനം നടത്തുന്ന ദിമിത്രിയോസ് ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ്. എന്നാൽ ദിമി അടുത്ത സീസണിൽ ടീമിലുണ്ടാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സീസണോടെ അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കിയാലേ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്ക ഒഴിയുകയുള്ളൂ.
Dimitrios Won KBFC February Player Of Month