ലൂണയുടെ അഭാവം പരിഹരിക്കാൻ എന്റെ ശൈലി മാറ്റേണ്ടി വന്നു, ബ്ലാസ്റ്റേഴ്‌സിലുണ്ടായ മാറ്റത്തെക്കുറിച്ച് ദിമിത്രിയോസ് | Dimitrios

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോൾ ആരാധകർ ഒന്നടങ്കം വളരെ നിരാശയിലായിരുന്നു. ടീമിന്റെ നായകനും ഏറ്റവും പ്രധാനപ്പെട്ട താരവുമായ ലൂണ കളിക്കാതിരുന്നാൽ ബ്ലാസ്റ്റേഴ്‌സ് ഒന്നടങ്കം തകർന്നു പോകുമെന്നാണ് ഏവരും കരുതിയത്. എന്നാൽ അതിനു വിപരീതമായി കൂടുതൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കി.

ലൂണയുടെ അഭാവത്തിൽ കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞുള്ള ശൈലി ബ്ലാസ്റ്റേഴ്‌സ് അവലംഭിച്ചുവെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിനൊപ്പം തന്നെ മുന്നേറ്റനിരതാരമായ ദിമിത്രിയോസിനു കൂടുതൽ ഉത്തരവാദിത്വങ്ങളും വന്നു ചേർന്നു. കഴിഞ്ഞ ദിവസം സ്പോർട്ടിസ്റ്റാറിനോട് സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് കഴിഞ്ഞ മത്സരത്തിൽ നായകനായിറങ്ങിയ താരം സംസാരിക്കുകയുണ്ടായി.

“അഡ്രിയാൻ ലൂണ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്, അതുകൊണ്ടു തന്നെ അദ്ദേഹത്തെ നഷ്‌ടപ്പെടുക ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷെ ഇത് ഫുട്ബോളാണ്, നമുക്കൊന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. ഞങ്ങൾ കരുത്തരായി തുടരേണ്ടതുണ്ട്. എങ്കിൽ തന്നെയും ഒരു സഹതാരം എന്ന നിലയിലും നായകനെന്ന നിലയിലും ലൂണയെ മിസ് ചെയ്യുന്നുണ്ട്.”

“ഇതുവരെയുള്ള മത്സരങ്ങളിൽ അവസരങ്ങൾ ഒരുക്കി നൽകാൻ ലൂണ ഇവിടെയുണ്ടായിരുന്നു. എന്നാൽ താരം ഇവിടെ ഇല്ലാത്തതിനാൽ ഞങ്ങൾ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. പെപ്ര കൂടെയുള്ളതിനാൽ ഡീപിലേക്ക് ഇറങ്ങി കളി മെനയുന്നതിനു സഹായിക്കാൻ എനിക്ക് കഴിഞ്ഞു. താരം പുറകിലേക്ക് പോകുന്ന സമയത്ത് ഞാൻ മുന്നിലേക്ക് കയറിക്കളിക്കും.” ദിമിത്രിയോസ് പറഞ്ഞു.

ലൂണയുടെ അഭാവത്തിൽ തനിക്ക് ലഭിച്ച ഉത്തരവാദിത്വം ദിമിത്രിയോസ് വളരെ ഭംഗിയായി നിറവേറ്റുന്നുണ്ട്. ലൂണയില്ലാത്ത ഇറങ്ങിയ കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നു ഗോളുകൾ നേടിയ താരം രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. താരത്തിന്റെ പരിചയസമ്പത്ത് കളിക്കളത്തിൽ വളരെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Dimitrios Talks About Luna Absence In Kerala Blasters

Adrian LunaDimitrios DiamantakosKerala BlastersKwame Peprah
Comments (0)
Add Comment