ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തിരിച്ചടി ടീമിന്റെ പ്രധാന സ്ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസിന്റെ പരിക്കാണ്. സീസണിന്റെ തുടക്കം മുതൽ നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തു പോയത് ഫോമിനെ ബാധിച്ചതിനു പുറമെയാണ് മികച്ച പ്രകടനം നടത്തിയിരുന്ന ദിമിത്രിയോസിനും പരിക്കേറ്റത്.
ദിമിത്രിയോസ് പ്ലേ ഓഫ് കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് ഇതിനു മുൻപ് നടത്തിയ പ്രതികരണങ്ങളിൽ എല്ലാം വ്യക്തമാക്കിയത്. ഈ സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരത്തിന്റെ കാര്യത്തിൽ ആരാധകർക്കും നിരാശയുണ്ട്. എന്നാൽ ദിമിയുടെ കാര്യത്തിൽ പ്രതീക്ഷക്കു വകയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
🥇💣 Dimitrios Diamantakos is travelling with the team for odisha
No confirmation on his availability of the game yet but hope for the best.
Hope Beleive Diamantakos ✅✅✅#KeralaBlasters#KBFC
— KERALA BLASTER FC💛💜💚 (@SUSHANT66366812) April 17, 2024
ലഭിക്കുന്ന സൂചനകൾ പ്രകാരം ഒഡിഷ എഫ്സിയെ നേരിടാനായി പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ദിമിത്രിയോസും ചേരും. താരം മത്സരത്തിന് ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് പറയുന്നതെങ്കിലും ദിമി ഫിറ്റ്നസ് വീണ്ടെടുത്തു തുടങ്ങിയെന്ന് ഇതിൽ നിന്നും വ്യക്തമാണ്. രണ്ടു ദിവസം കൂടി മത്സരത്തിനു ബാക്കിയുള്ളതിനാൽ പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.
ഈ സീസണിൽ ഐഎസ്എല്ലിൽ പതിമൂന്നു ഗോളുകളാണ് ദിമിത്രിയോസ് നേടിയത്. ഐഎസ്എല്ലിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരവും ദിമിത്രിയോസ് തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പല താരങ്ങളും പരിക്കിന്റെ പിടിയിൽ അകപ്പെട്ടപ്പോൾ മിന്നുന്ന പ്രകടനം നടത്തിയത് ദിമിയാണ്. അതുകൊണ്ടാണ് താരം ടീമിലെ പ്രധാനിയാകുന്നത്.
ദിമിത്രിയോസ് മത്സരത്തിനായി ഇറങ്ങിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കറായി കളിക്കുക ലിത്വാനിയൻ താരമായ ഫെഡോർ ചെർണിച്ച് ആയിരിക്കാനാണ് സാധ്യത. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിയ താരം ഇതുവരെ ഗംഭീര പ്രകടനമൊന്നും നടത്തിയിട്ടില്ലെങ്കിലും മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവുണ്ടെന്നത് കേരള ബ്ലാസ്റ്റേഴ്സ് ടീമിന് പ്രതീക്ഷ തന്നെയാണ്.
Dimitrios Travelling With The Team For Odisha Game