കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം ആശങ്കയുണ്ടാക്കുന്ന കാര്യമാണ് ദിമിത്രിയോസിന്റെ ക്ലബിലെ ഭാവി. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിനായി നിരവധി ക്ലബുകൾ രംഗത്തു വന്നിട്ടുണ്ട്. അതിനിടയിൽ കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാൾ നൽകിയ രണ്ടാമത്തെ ഓഫർ താരം സ്വീകരിച്ചുവെന്ന റിപ്പോർട്ടുകളും സജീവമായിരുന്നു.
എന്നാൽ ഐഎഫ്റ്റി മീഡിയ പുറത്തു വിടുന്ന പുതിയ വിവരങ്ങൾ പ്രകാരം ദിമിത്രിയോസ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറാൻ നിലവിൽ സമ്മതം മൂളിയിട്ടില്ല. നിലവിൽ ഐഎസ്എല്ലിലെ തന്നെ മറ്റു ക്ലബുകളും താരത്തിനായി രംഗത്തുണ്ട്. മുംബൈ സിറ്റി എഫ്‌സിയാണ് അതിൽ മുന്നിൽ നിൽക്കുന്നത്. പെരേര ഡയസിനു പകരമായി അവർ പരിഗണിക്കുന്നത് ദിമിത്രിയോസിനെയാണ്.
🥇💣 Dimitrios Diamantakos to East Bengal is not a done deal yet. Mumbai City are still in pursuit of the striker. Kerala Blasters FC tried to renew the contract but the player wanted salary above 3 crore which KBFC denied.
Dimi also has offers from abroad. @IFTnewsmedia #KBFC pic.twitter.com/ToUO2rwUVB— KBFC XTRA (@kbfcxtra) March 26, 2024
അതേസമയം ദിമിത്രിയോസിന്റെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ടെങ്കിലും താരത്തിന്റെ ആവശ്യം അതിനു തടസമാണ്. മൂന്നു കോടി രൂപയിലധികമാണ് താരം ആവശ്യപ്പെടുന്നത്. നിലവിൽ ദിമിത്രിയോസ് വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടിയിലധികമാണിത്. ഇത്രയും പ്രതിഫലം നൽകാൻ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് മാത്രമല്ല ദിമിത്രിയോസിനു ഓഫറുകളുള്ളത്. മറ്റു രാജ്യങ്ങളിലെ ലീഗുകളിൽ നിന്നും താരത്തെ റാഞ്ചാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കുഞ്ഞ് ജനിച്ചത് കാരണം യൂറോപ്പിലേക്ക് തിരിച്ചു പോകാൻ താരത്തിന് താൽപര്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നും ലഭിക്കുന്ന ഓഫറുകൾ അനുസരിച്ചായിരിക്കും ദിമിത്രിയോസ് ഐഎസ്എല്ലിൽ തുടരുക.
നിലവിൽ ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ദിമിത്രിയോസ്. ഐഎസ്എല്ലിലെത്തിയതിനു ശേഷമുള്ള രണ്ടു സീസണുകളിലും ലീഗിലെ ടോപ് സ്കോറർമാരിൽ മുൻനിരയിൽ നിൽക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങിയ താരമായതിനാൽ തന്നെ താരത്തിനായുള്ള ശ്രമങ്ങൾ ക്ലബുകൾ സജീവമാക്കാനാണ് സാധ്യത.
Dimitrios Wanted Salary Above 3 Crores