യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിന്റെ ഹീറോ ആരായിരുന്നു എന്ന കാര്യത്തിൽ ആർക്കും സംശയം ഒന്നുമുണ്ടാകില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾവലക്കു മുന്നിൽ ചിറകുവിരിച്ചു നിന്ന പോർട്ടോ ഗോൾകീപ്പർ ഡിയാഗോ കോസ്റ്റയാണ് പോർച്ചുഗലിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചതും ടീമിനെ ക്വാർട്ടർ ഫൈനലിലേക്ക് എത്തിച്ചതും.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സ്ലോവേനിയൻ താരത്തിന് ലഭിച്ച മികച്ചൊരു അവസരം ഇല്ലാതാക്കിയ ഡിയാഗോ കോസ്റ്റ അതിനു ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നു കിക്കുകളാണ് തടഞ്ഞിട്ടത്. ആദ്യത്തെ മൂന്നു കിക്കുകളും കോസ്റ്റ തടഞ്ഞപ്പോൾ മൂന്നെണ്ണവും ഗോളാക്കി മാറ്റി പോർച്ചുഗൽ വിജയം നേടുകയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌തു.
Diogo Costa gained more than 300 thousand followers in less than 24 hours 🤯 pic.twitter.com/pz24yx01dP
— Al Nassr Zone (@TheNassrZone) July 2, 2024
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രക്ഷകനായിക്കൂടി കോസ്റ്റ മാറിയിരുന്നു. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ പോർച്ചുഗലിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ തുലച്ചു കളഞ്ഞിരുന്നു. അതോടെ താരം സമ്മർദ്ദത്തിലായെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ഹീറോയായി കോസ്റ്റ ആ സമ്മർദ്ദത്തെ മുഴുവൻ ഇല്ലാതാക്കി ടീമിന് വിജയം സമ്മാനിച്ചു.
റൊണാൾഡോയുടെ രക്ഷകനായ ഡിയാഗോ കോസ്റ്റക്ക് ആരാധകരുടെ വമ്പൻ പിന്തുണയാണ് ലഭിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ ഉണ്ടായ ഫോളോവേഴ്‌സിന്റെ എണ്ണം ഇത് തെളിയിക്കുന്നു. ഏതാണ്ട് 3.8 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന കോസ്റ്റയുടെ ഇൻസ്റ്റാഗ്രാം പേജിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു ദിവസം കൊണ്ട് 7 ലക്ഷത്തിലധികമായി വർധിച്ചിട്ടുണ്ട്.
റൊണാൾഡോ ആരാധകർ തന്നെയാണ് താരത്തിന് ഇത്രയധികം പിന്തുണ നൽകുന്നത്. കഴിഞ്ഞ മത്സരത്തോടെ പോർച്ചുഗലിന്റെ നാഷണൽ ഹീറോയായി ഡിയാഗോ കോസ്റ്റ മാറിയിട്ടുണ്ട്. ഇതോടെ യൂറോ കപ്പിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗലിനെ കീഴടക്കാൻ ആർക്കും കഴിയില്ലെന്ന ആത്മവിശ്വാസവും ആരാധകർക്ക് വന്നിട്ടുണ്ട്.