പഞ്ചാബിനോട് സമനില വഴങ്ങി, ഡ്യൂറൻഡ് കപ്പിലെ അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനു നിർണായകം

ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയതെങ്കിലും അത് മാഞ്ചസ്റ്റർ സിറ്റിയുടെ റിസർവ് ടീമിനെതിരെയായിരുന്നു. അതുകൊണ്ടു തന്നെ രണ്ടാമത്തെ മത്സരത്തിൽ പ്രധാന ടീമുമായെത്തുന്ന പഞ്ചാബ് വെല്ലുവിളി ഉയർത്തുമെന്ന പ്രതീക്ഷകൾ വെറുതെയായില്ല. പഞ്ചാബിനെതിരെ വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല.

രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഓരോ ഗോളുകൾ വീതമാണ് രണ്ടു ടീമുകളും നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ മികവുറ്റ രീതിയിൽ പ്രതിരോധിക്കുകയും പ്രത്യാക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌ത പഞ്ചാബ് എഫ്‌സി ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി ഉയർത്തുകയുണ്ടായി.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് പഞ്ചാബ് ഗോൾ നേടുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഓഫ്‌സൈഡ് ട്രാപ്പ് പൊളിച്ച ലൂക്ക മേഷൻ ഒരു ലോങ്ങ് പാസ് പിടിച്ചെടുത്ത് അനായാസം വല കുലുക്കി. രണ്ടാം പകുതി പത്ത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സ് അതിനു മറുപടി നൽകി. പെപ്രയുടെ അസിസ്റ്റിൽ അയ്‌മനാണു ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയത്.

ഗോൾനില ഉയർത്താൻ രണ്ടു ടീമുകൾക്കും അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും മുതലാക്കാൻ കഴിഞ്ഞില്ല. കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു ഷോട്ടുകളാണ് പോസ്റ്റിലടിച്ച് പുറത്തു പോയത്. മറുവശത്ത് പ്രത്യാക്രമണങ്ങളിൽ നിന്നും മികച്ച അവസരങ്ങൾ ഉണ്ടാക്കിയ പഞ്ചാബ് എഫ്‌സിയുടെ ആക്രമണങ്ങളെ സോം കുമാറും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും തടഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ കിരീടമെന്ന സ്വപ്‌നത്തിലേക്ക് വരാൻ ഇനിയും മെച്ചപ്പെടാനുണ്ടെന്നതിനു തെളിവാണ് ഈ മത്സരഫലം. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മേധാവിത്വം പുലർത്തിയെന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്തായാലും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടണം. നിലവിൽ ബ്ലാസ്റ്റേഴ്‌സീനും മുംബൈക്കും ഒരേ പോയിന്റാണുള്ളത്.

Durand CupKerala Blasters
Comments (0)
Add Comment