കരുത്തിൽ ഒട്ടും പിന്നിലല്ല, ഡ്യൂറൻഡ് കപ്പിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ടീമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുൻപേ നടക്കാറുള്ള ഡ്യൂറൻഡ് കപ്പ് നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ. അതിനിടയിൽ പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർമാർക്കറ്റ് ഡ്യൂറൻഡ് കപ്പിലെ ഏറ്റവും മൂല്യമേറിയ ക്ലബുകളുടെ ലിസ്റ്റ് പുറത്തു വിട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു വന്ന് കിരീടം നേടുമെന്ന ആരാധകരുടെ പ്രതീക്ഷകളെ സജീവമാക്കുന്നു.

63 കോടി രൂപ മൂല്യമുള്ള മോഹൻ ബഗാനാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ക്ലബ്. അവർക്കു പിന്നിൽ 50.2 കോടി രൂപ മൂല്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിലെ ഏറ്റവും മൂല്യമേറിയ ക്ലബുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിന്നിരുന്നവർ തന്നെയാണ് ഡ്യൂറൻഡ് കപ്പിലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്.

കൊൽക്കത്തയിലെ മറ്റൊരു പ്രധാന ക്ലബായ ഈസ്റ്റ് ബംഗാൾ 41 കോടി രൂപ മൂല്യവുമായി മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ 33.6 കോടി മൂല്യവുമായി ബെംഗളൂരു നാലാമതും 31.6 കോടി മൂല്യവുമായി നോർത്ത്ഈസ്റ്റ് യുണൈറ്റഡ് അഞ്ചാമതുമാണ്. ജംഷഡ്‌പൂർ, പഞ്ചാബ്, ഇന്റർ കാശി, ഷില്ലോങ് ലജോങ്, ചെന്നൈയിൻ എഫ്‌സി എന്നീ ടീമുകളാണ് ആറു മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ.

ഐഎസ്എല്ലിലെ ചില ക്ലബുകൾ തങ്ങളുടെ പ്രധാന ടീമിനെ ഡ്യൂറൻഡ് കപ്പിന് അയച്ചിട്ടില്ലെന്നതു കൊണ്ടാണ് ഐ ലീഗ് ക്ലബുകൾ ലിസ്റ്റിലുള്ളത്. ഒഡിഷ എഫ്‌സി, മുംബൈ സിറ്റി തുടങ്ങിയ ടീമുകളൊന്നും പ്രധാന ടീമിനെയല്ല ഡ്യൂറൻഡ് കപ്പിന് അയച്ചിരിക്കുന്നത്. മുംബൈ സിറ്റി റിസർവ് ടീമുമായാണ് ടൂർണമെന്റ് കളിക്കാൻ എത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മികച്ച സ്‌ക്വാഡിനെയാണ് ഡ്യൂറൻഡ് കപ്പിനായി അയച്ചിരിക്കുന്നത് എന്നതിനാൽ തന്നെ കിരീടം നേടാമെന്ന പ്രതീക്ഷയുണ്ട്. അതേസമയം മൂല്യത്തിന്റെ ഈ ലിസ്റ്റിൽ ഡിഫെൻഡറായ കെയോഫ് ഉൾപ്പെട്ടിട്ടുണ്ടാകില്ല. അതിനു പുറമെ ഒരു വിദേശതാരത്തെക്കൂടി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ സാധ്യതയുള്ളതിനാൽ ഇത് വർധിക്കുമെന്നുറപ്പാണ്.

Durand CupKerala Blasters
Comments (0)
Add Comment