ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിൽ മികച്ച വിജയം നേടുകയും അതിനു ശേഷം പഞ്ചാബ് എഫ്‌സിയോട് സമനില വഴങ്ങുകയും ചെയ്‌ത കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അടുത്ത മത്സരത്തിൽ വിജയം നേടിയാൽ ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും. ചെറിയ എതിരാളികൾ ആയതിനാൽ തന്നെ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതിനിടയിൽ ഡ്യൂറൻഡ് കപ്പിലെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് പുറത്തു വന്നിട്ടുണ്ട്. ലിസ്റ്റ് കണ്ടാൽ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം നേടുമെന്ന ആരാധകരുടെ പ്രതീക്ഷ വർധിക്കുമെന്നതിൽ സംശയമില്ല. ലിസ്റ്റിലുള്ള പത്ത് താരങ്ങളിൽ മൂന്നു പേരും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നാണ്. കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.
6.4 കോടി രൂപ മൂല്യവുമായാണ് മുപ്പത്തിരണ്ടുകാരനായ അഡ്രിയാൻ ലൂണ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്ന ദിമിത്രിയോസ് ഡയമെന്റക്കൊസ് 5.6 കോടി രൂപ മൂല്യവുമായി രണ്ടാമത് നിൽക്കുന്നു. ബ്ലാസ്റ്റേഴ്‌സ് താരമായ നോഹ സദൂയിയാണ് മൂന്നാം സ്ഥാനത്ത്. 5.2 കോടി രൂപയാണ് നോഹയുടെ മാർക്കറ്റ് വാല്യൂ.
എട്ടാം സ്ഥാനത്തുള്ള പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള മൂന്നാമത്തെ താരം. 3.6 കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ മൂല്യം. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പുറമെ ഈസ്റ്റ് ബംഗാളിൽ നിന്നും മൂന്നു താരങ്ങൾ ലിസ്റ്റിലുണ്ട്. ദിമിത്രിയോസ് ഡയമെന്റക്കൊസ്, മേദിഹ് തലാൽ, സൗൾ എന്നിവരാണ് ലിസ്റ്റിലുള്ള ഈസ്റ്റ് ബംഗാൾ താരങ്ങൾ.
പല ടീമുകളും അവരുടെ എല്ലാ വിദേശതാരങ്ങളെയും ഡ്യൂറൻഡ് കപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഈ ലിസ്റ്റിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്തായാലും നിലവിൽ ഏറ്റവും മികച്ച സ്ക്വാഡുള്ള ടീമുകളിൽ ഒന്ന് ബ്ലാസ്റ്റേഴ്‌സാണെന്ന് വ്യക്തമാണ്. ഇനി മൈക്കൽ സ്റ്റാറെയുടെ പദ്ധതികൾ കൃത്യമായി വിജയിച്ചാൽ ആദ്യകിരീടം ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കാൻ കഴിയും.