ഗോൾ നേടുന്നതിനിടെ പരിക്ക്, ഡിബാലക്ക് ലോകകപ്പ് നഷ്‌ടമാകാൻ സാധ്യത

ഖത്തർ ലോകകപ്പിനായി മികച്ച രീതിയിൽ തയ്യാറെടുക്കുന്ന അർജന്റീന ടീമിനു തിരിച്ചടിയായി ടീമിന്റെ മുന്നേറ്റനിരയിലെ സൂപ്പർതാരമായ പൗളോ ഡിബാലക്ക് പരിക്ക്. ഇന്നലെ ലെച്ചെക്കെതിരെ നടന്ന സീരി എ മത്സരത്തിനിടെ ലഭിച്ച പെനാൽറ്റി എടുക്കുന്നതിന്റെ ഇടയിലാണ് ഡിബാലക്ക് പരിക്കേറ്റത്. പരിക്കിന്റെ സ്ഥിതി ഗുരുതരമാണെന്നും താരത്തിന് ലോകകപ്പ് നഷ്‌ടമാകാൻ സാധ്യതയുണ്ടെന്നും ഡിബാലയുടെ ക്ലബായ റോമയുടെ പരിശീലകൻ ഹോസെ മൗറീന്യോ തന്നെയാണ് അറിയിച്ചത്.

മത്സരത്തിന്റെ നാൽപത്തിയെട്ടാം മിനുട്ടിൽ റോമക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി എടുത്തതിനു പിന്നാലെയാണ് ഡിബാലക്കു പരിക്കേറ്റത്. പെനാൽറ്റി താരം ഗോളാക്കി മാറ്റിയെങ്കിലും അതിനു പിന്നാലെ മസിലിനു പരിക്കേറ്റു നടക്കാൻ ബുദ്ധിമുട്ടിയ താരത്തെ അൻപതാം മിനുട്ടിൽ പിൻവലിക്കുകയും ചെയ്‌തു. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റോമ വിജയം നേടിയെങ്കിലും ടീമിലെ സൂപ്പർതാരമായ ഡിബാലയുടെ ഗുരുതരമായ പരിക്ക് സീസണിലെ പ്രകടനത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

“പരിക്ക് മോശമാണെന്നു ഞാൻ പറയും. വളരെ വളരെ മോശമാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഞാനൊരു ഡോക്ടറല്ല, പക്ഷെ എന്റെ അനുഭവസമ്പത്തു കൊണ്ട് പൗളോയെക്കുറിച്ച് പറയുകയാണെങ്കിൽ താരം ഈ വർഷം കളിക്കളത്തിലേക്ക് തിരിച്ചു വരാനുളള സാധ്യതയില്ല.” മത്സരത്തിനു ശേഷം ഡിഎസെഡ്എന്നിനോട് സംസാരിക്കുമ്പോൾ റോമ പരിശീലകനായ ഹോസെ മൗറീന്യോ പറഞ്ഞു.

പെനാൽറ്റി എടുത്തതിനു ശേഷം നേരെ പുറത്തു പോയ ഡിബാല തന്റെ തുടയിൽ ഐസ് പാക്കും വെച്ചാണ് ഇരുന്നിരുന്നത്. ബെഞ്ചിലിരിക്കുമ്പോൾ വളരെയധികം വൈകാരികത താരം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ സ്ഥിരമായി പരിക്കുകൾ അലട്ടിയിരുന്ന താരം ഖത്തർ ലോകകപ്പിന് ആറാഴ്‌ച മാത്രം ബാക്കി നിൽക്കെയാണ് പരിക്കേറ്റു പുറത്തു പോകുന്നത്. മൗറീന്യോയുടെ വാക്കുകൾ പരിഗണിക്കുമ്പോൾ ലോകകപ്പ് ടീമിലെ സ്ഥാനം ഡിബാലക്ക് നഷ്‌ടമാകാൻ തന്നെയാണ് സാധ്യത.

അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമല്ലെങ്കിലും പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരമാണ് ഡിബാല. ഇറ്റലിക്കെതിരെ നടന്ന ലാ ഫൈനലൈസിമ പോരാട്ടത്തിൽ അവസാനം അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങിയ പൗളോ ഡിബാല അതിൽ ഒരു ഗോളും നേടിയിരുന്നു. താരത്തിന്റെ അസാന്നിധ്യം അർജന്റീന ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ArgentinaAS RomaPaulo DybalaQatar World CupSerie A
Comments (0)
Add Comment