അവസാന വിസിലിനു മുൻപുള്ള ഉജ്ജ്വല സേവടക്കം നിരവധി രക്ഷപ്പെടുത്തലുകൾ, ഹീറോയായി ബ്രസീലിയൻ താരം | Ederson

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമാണ് ആരാധകർ പ്രതീക്ഷിച്ചതെങ്കിലും മത്സരത്തിൽ അതല്ല സംഭവിച്ചത്. ആദ്യപകുതിയിൽ സിറ്റിയെ മികച്ച രീതിയിൽ പൂട്ടിയിട്ട ഇന്റർ മിലാൻ രണ്ടാം പകുതിയിൽ ഒരു ഗോൾ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കുകയും ചെയ്‌തു. എന്നാൽ അതിനെ കൃത്യമായി പ്രതിരോധിച്ച മാഞ്ചസ്റ്റർ സിറ്റി ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ഇന്റർ മിലാനു മുന്നിൽ വൻമതിലായി നിന്നത് ഗോൾകീപ്പർ എഡേഴ്‌സണായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഗോളെന്നുറപ്പിക്കാൻ കഴിയുന്ന സാഹചര്യത്തിൽ നിരവധി ഗംഭീര സേവുകളാണ് താരം നടത്തിയത്. പതിമൂന്നാം മിനുട്ടിൽ ലൗടാരോ മാർട്ടിനസിനു വൺ ഓൺ വൺ ആയി ലഭിച്ച അവസരം ഇതിനുദാഹരണമാണ്. താരം ഷോട്ടുതിർത്തെങ്കിലും അത് തന്റെ കാലു കൊണ്ട് എഡേഴ്‌സൺ തടുത്തിട്ടു.

മറ്റൊരു കിടിലൻ സേവ് വന്നത് മത്സരത്തിൻറെ എൺപത്തിയെട്ടാം മിനുട്ടിലായിരുന്നു. മാഞ്ചസ്റ്റർ സിറ്റി ഗോൾമുഖത്തേക്ക് വന്ന ക്രോസിൽ പോയിന്റ് ബ്ലാങ്കിലാണ് ലുക്കാക്കു ഹെഡർ ഉതിർത്തത്. ബെൽജിയൻ താരത്തിന്റെ കരുത്തുറ്റ ഹെഡറും എഡേഴ്‌സൺ തടഞ്ഞിട്ടു. അതിനു ശേഷം മത്സരത്തിന്റെ അവസാന വിസിലിനു തൊട്ടു മുൻപും താരം ഒരു സേവ് നടത്തി.

ഇന്റർ മിലാൻ എടുത്ത കോർണർ അസെർബി ഫ്ലിക്ക് ചെയ്‌തത്‌ പോസ്റ്റിലേക്കാണ് വന്നത്. അത് ഡൈവിങ്ങിലൂടെ എഡേഴ്‌സൺ തട്ടിയകറ്റി. അതിനു പിന്നാലെ റഫറി ഫൈനൽ വിസിൽ മുഴക്കുകയും ചെയ്‌തു. നിര്ണായകമായൊരു മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തി മാഞ്ചസ്റ്റർ സിറ്റിയുടെ ഹീറോയായി മാറാൻ ബ്രസീലിയൻ താരത്തിന് കഴിഞ്ഞുവെന്നതിൽ യാതൊരു സംശയവുമില്ല.

Ederson Saves Helps Man City Win UCL

EdersonInter MilanManchester CityUEFA Champions League
Comments (0)
Add Comment