യൂറോപ്പിലെയും സൗത്ത് അമേരിക്കയിലെയുമെല്ലാം മികച്ച താരങ്ങളെ സൗദി അറേബ്യ വാങ്ങിക്കൂട്ടുകയാണ്. റൊണാൾഡോ, നെയ്‌മർ, ബെൻസിമ, ഫിർമിനോ, മാനെ തുടങ്ങി നിരവധി താരങ്ങളാണ് സൗദിയിലേക്ക് ചേക്കേറിയത്. സൗദി അറേബ്യൻ ക്ലബുകൾ ഓഫർ ചെയ്യുന്ന വമ്പൻ തുക തന്നെയാണ് ഈ താരങ്ങൾ അവിടേക്ക് ചേക്കേറാനുള്ള കാരണം. എന്നാൽ സൗദിയുടെ പണക്കൊഴുപ്പിന് വീഴ്ത്താൻ കഴിയാതെ അർജന്റീനയുടെ പ്രധാന താരങ്ങളെല്ലാം യൂറോപ്പിൽ തന്നെ തുടരുകയാണ്.
ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം എട്ട് അർജന്റീന താരങ്ങളാണ് സൗദി അറേബ്യയിൽ നിന്നുള്ള ക്ലബുകളുടെ വമ്പൻ ഓഫറുകൾ തഴഞ്ഞത്. ഇതിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വേതനവാഗ്‌ദാനം ലഭിച്ച അർജന്റീന നായകൻ ലയണൽ മെസിയും ഉൾപ്പെടുന്നു. ഇതിനു പുറമെ പൗളോ ഡിബാല, ലിയാൻഡ്രോ പാരഡസ്, ക്രിസ്റ്റ്യൻ റോമെറോ, ഏഞ്ചൽ ഡി മാറിയ, ലൗടാരോ മാർട്ടിനസ്, നിക്കോളാസ് ഓട്ടമെൻഡി, റോഡ്രിഗോ ഡി പോൾ എന്നിവർ ഉൾപ്പെടുന്നു. നിലവിൽ പിറ്റി മാർട്ടിനസ്, എവർ ബനേഗാ എന്നിവർ മാത്രമാണ് സൗദിയിൽ കളിക്കുന്ന പ്രധാന അർജന്റീന താരങ്ങൾ.
🚨 Lionel Messi, Paulo Dybala, Leandro Paredes, Cuti Romero, Ángel Di María, Lautaro Martínez, Nicolas Otamendi and Rodrigo De Paul are among the players who have received HUGE offers from Saudi Arabian clubs during this summer, but they have all REJECTED it. @TyCSports 🇸🇦🇦🇷 pic.twitter.com/Ph6XpFYTAe
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 22, 2023
ഇവരെല്ലാം സൗദി അറേബ്യയുടെ വാഗ്‌ദാനം തഴഞ്ഞതിനു പിന്നിലുള്ള പ്രധാന കാരണം അർജന്റീന ടീമിലെ സ്ഥാനം തന്നെയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കിയതിൽ നിർണായക പങ്കു വഹിച്ച താരങ്ങളാണ് ഇവരെല്ലാം. അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാനിരിക്കെ യൂറോപ്പിൽ തന്നെ തുടരുന്നതാണ് ടീമിലിടം ലഭിക്കാനും മികച്ച പ്രകടനം നടത്താനും സഹായിക്കുക എന്ന ധാരണയുള്ളതു കൊണ്ടു തന്നെയാണ് ഈ താരങ്ങൾ സൗദി ഓഫർ തഴഞ്ഞത്.
അതേസമയം അർജന്റീനയുടെ പ്രധാന എതിരാളികളായ ബ്രസീലിൽ നിന്നും വമ്പൻ താരനിരയാണ് സൗദി അറേബ്യയിലേക്ക് ചേക്കേറിയിരിക്കുന്നത്. നെയ്‌മർ, ഫിർമിനോ, ഫാബിന്യോ, ടെല്ലസ്, മാൽക്കം, റോജർ ഇബനസ് തുടങ്ങിയ താരങ്ങൾ ഈ സമ്മറിൽ സൗദിയിലെത്തിയപ്പോൾ മറ്റൊരു ബ്രസീലിയൻ താരമായ ടാലിസ്‌ക നേരത്തെ തന്നെ സൗദിയിൽ ഉണ്ടായിരുന്നു. അടുത്ത വർഷം കോപ്പ അമേരിക്ക നേടാനുള്ള ബ്രസീലിന്റെ പദ്ധതികളെ ഇത് ബാധിക്കുമോയെന്നു കണ്ടറിയുക തന്നെ വേണം.
Eight Argentina Players Reject Saudi Offer