കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ശ്രമങ്ങൾ വളരെയധികം വാർത്തകളിൽ നിറഞ്ഞതാണ്. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള പ്രധാന ക്ലബുകളൊന്നും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചില്ല. തന്റെ പദ്ധതികളിൽ റൊണാൾഡോക്കും സ്ഥാനമുണ്ടെന്ന് പറഞ്ഞ് എറിക് ടെൻ ഹാഗ് വിട്ടു കൊടുക്കാനും തയ്യാറാവാത്തതിനാൽ ക്ലബിനൊപ്പം തന്നെ തുടരുകയായിരുന്നു താരം.
എന്നാൽ ലോകകപ്പിന് മുന്നോടിയായി കാര്യങ്ങൾ മാറിമറിഞ്ഞു. ഒരു അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനം നടത്തിയതിനെ തുടർന്ന് റൊണാൾഡൊക്കെതിരെ ക്ലബ് നടപടി സ്വീകരിച്ചു. താരവുമായുള്ള കരാർ റദ്ദാക്കുകയും ചെയ്തു. അതിനു മുൻപേ തന്നെ കളി തീരും മുൻപ് സ്റ്റേഡിയം വിട്ടു പോയെല്ലാം റൊണാൾഡോ വിവാദനായകനായി നിറഞ്ഞു നിന്നിരുന്നു. എന്തായാലും നിലവിൽ ഫ്രീ ഏജന്റായി ജനുവരി ജാലകത്തിൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പോർച്ചുഗൽ നായകൻ.
🎙️ Eintracht Frankfurt CEO: "Yes, Cristiano Ronaldo was offered to us. In fact, I have a feeling he was offered to every team in the Champions League."
(Source: AS) pic.twitter.com/82OiaXQuxf
— Transfer News Live (@DeadlineDayLive) December 21, 2022
ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം തങ്ങൾക്കും ലഭിച്ചിരുന്നുവെന്നാണ് ജർമൻ ക്ലബായ ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ടിന്റെ സിഇഒയായ ആക്സൽ ഹെൽമൻ വെളിപ്പെടുത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിച്ചതിനു ശേഷമാണ് താരത്തിന്റെ ഏജന്റ് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ജർമൻ ക്ലബ്ബിനെ സമീപിച്ചത്. “റൊണാൾഡോ ഞങ്ങൾക്ക് പോലും ഓഫർ ചെയ്യപ്പെട്ടിരുന്നു. റൊണാൾഡോയെ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന എല്ലാ ക്ളബുകൾക്കും ഓഫർ ചെയ്തുവെന്നാണ് ഞാൻ കരുതുന്നത്.” ഹെൽമൻ പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ വീണ്ടും കളിക്കണമെന്ന ആഗ്രഹം ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് നടക്കാനുള്ള സാധ്യത വളരെ കുറവ്. ഈ സീസണിൽ മുഴുവൻ മോശം ഫോമിൽ കളിച്ച താരത്തിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബുകൾക്കൊന്നും താൽപര്യമില്ലെന്ന് ഫ്രാങ്ക്ഫർട്ട് സിഇഒയുടെ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉയർന്ന പ്രതിഫലവും താരത്തിന് വേണ്ടി ടീമിന്റെ പദ്ധതികൾ അഴിച്ചു പണിയേണ്ടി വരുന്നതുമെല്ലാം അവരെ അകറ്റി നിര്ത്തുന്നു.