ഫീനിക്‌സ് പക്ഷിയെപ്പോലെ എമിലിയാനോ മാർട്ടിനസിന്റെ ഉയിർത്തെഴുന്നേൽപ്പ്, താരത്തെ വിൽക്കാനില്ലെന്ന് ആസ്റ്റൺ വില്ല പരിശീലകൻ

അർജന്റീന ആരാധകരുടെ ഹീറോയാണെങ്കിലും ഖത്തർ ലോകകപ്പിന് ശേഷം എംബാപ്പയെ കളിയാക്കിയ കാരണത്താൽ എമിലിയാനോ മാർട്ടിനസിനു ധാരാളം വിമർശകരുണ്ടെന്ന കാര്യത്തിൽ സംശയമില്ല. താരത്തിന്റെ ഓരോ പിഴവുകളും ആഘോഷിക്കാൻ വേണ്ടി അവർ കാത്തിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെതിരെ നടന്ന മത്സരത്തിന് ശേഷം നാല് ഗോളുകൾ മാർട്ടിനസ് വഴങ്ങിയപ്പോൾ ധാരാളം ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്‌തു.

എന്നാൽ ആ മത്സരത്തിൽ വഴങ്ങിയ തോൽവിയിലും തന്റെ പിഴവുകളിലും അതിനു നേരെയുണ്ടായ വിമർശനങ്ങളിലും എമിലിയാനോ മാർട്ടിനസ് കുലുങ്ങിയിട്ടില്ലെന്നാണ് അതിനു ശേഷമുള്ള മത്സരത്തിലെ താരത്തിന്റെ പ്രകടനം വ്യക്തമാക്കുന്നത്. ആസ്റ്റൺ വില്ലയും എവർട്ടണും തമ്മിൽ നടന്ന മത്സരത്തിൽ ടീമിനായി ക്ലീൻ ഷീറ്റ് നേടിയ താരം നാല് സേവുകളാണ് നടത്തിയത്. ഇതിൽ മൂന്നു സേവുകളും ബോക്‌സിന്റെ ഉള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആസ്റ്റൺ വില്ല വിജയം സ്വന്തമാക്കി.

ഈ സീസണു ശേഷം പുതിയ താരങ്ങളെ എത്തിക്കാനുള്ള തുക സ്വരൂപിക്കാൻ വേണ്ടി എമിലിയാനോ മാർട്ടിനസിനെ ആസ്റ്റൺ വില്ല വിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇതിനുള്ള സാധ്യതകൾ പരിശീലകൻ ഉനെ എമറി പൂർണമായും തള്ളിക്കളഞ്ഞു. വളരെയധികം പരിചയസമ്പത്തുള്ള ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച കീപ്പറായ എമിയെ ഭാവിയിലെ പദ്ധതികൾക്ക് വേണ്ടി കൂടിയാണ് കണക്കാക്കുന്നതെന്നും താരത്തോട് അതേപ്പറ്റി പറയാറുണ്ടെന്നും എമറി വെളിപ്പെടുത്തി.

ആസ്റ്റൺ വില്ലയെ സംബന്ധിച്ച് അവർക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ഗോളിമാരിൽ ഒരാളാണ് എമിലിയാനോ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അർജന്റീനക്കായി സാധ്യമായ എല്ലാ കിരീടങ്ങളും നേടിയ താരത്തിന്റെ ആത്മവിശ്വാസം എല്ലാ ടീമിനും മുതൽക്കൂട്ടാണ്. ആസ്റ്റൺ വില്ല നിലനിർത്താൻ നോക്കിയാലും ചാമ്പ്യൻസ് ലീഗ് കളിക്കാനും കിരീടം നേടാനും താൽപര്യമുള്ള എമിലിയാനോ ചിലപ്പോൾ സമ്മറിൽ മറ്റുള്ള ഓഫറുകൾ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

Aston VillaEmiliano MartinezUnai Emery
Comments (0)
Add Comment