അർജന്റീന ഗോൾവലക്കു മുന്നിലെ വൻമതിൽ, ക്ലീൻഷീറ്റുകൾ വാരിക്കൂട്ടി എമിലിയാനോ മാർട്ടിനസ്

അർജന്റീന ടീമിലേക്കുള്ള എമിലിയാനോ മാർട്ടിനസിന്റെ പ്രവേശനം വൈകിയായിരുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപ് നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുന്നോടിയായി നടന്ന മത്സരങ്ങളിലാണ് എമിലിയാനോ അർജന്റീനക്ക് വേണ്ടി ആദ്യമായി വല കാക്കുന്നത്. അവിടെ നിന്നങ്ങോട്ട് അർജന്റീനയുടെ വിജയങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് എമിയുടെ തകർപ്പൻ പ്രകടനം കൂടിയാണ്.

കഴിഞ്ഞ ദിവസം അർജന്റീനയും ഇക്വഡോറും തമ്മിൽ നടന്ന മത്സരത്തിലും ടീമിന് വേണ്ടി വല കാത്തത് എമിലിയാനോ മാർട്ടിനസ് തന്നെയായിരുന്നു. അർജന്റീന പ്രതിരോധം ഇക്വഡോറിനു അവസരങ്ങളൊന്നും നൽകാതിരുന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയതിനൊപ്പം എമിലിയാനോ മാർട്ടിനസ് ക്ലീൻഷീറ്റും സ്വന്തമാക്കുകയുണ്ടായി.

ഇരുപത്തിയെട്ടാം വയസിൽ അർജന്റീന ടീമിനായി അരങ്ങേറ്റം കുറിച്ചതിനു ശേഷം പിന്നീടിതു വരെ മുപ്പത്തിയെട്ടു മത്സരങ്ങളിലാണ് എമിലിയാനോ മാർട്ടിനസ് ടീമിന്റെ വല കാത്തിരിക്കുന്നത്. ഇതിൽ ഇരുപത്തിനാലു മത്സരങ്ങളിലും താരം ഗോൾ വഴങ്ങിയിട്ടില്ല. അർജന്റീന ടീമിന്റെ പ്രതിരോധത്തിന്റെ കരുത്ത് കൂടി ഇത് വ്യക്തമാക്കുന്നു.

ഈ സീസണിൽ മികച്ച പ്രകടനം നടത്തിയതിനു ശേഷമാണ് എമിലിയാനോ മാർട്ടിനസ് കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയുടെ വല കാക്കുന്ന താരം അവരെ പതിറ്റാണ്ടുകൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യതയിലെത്തിക്കാൻ സഹായിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് കോപ്പയിൽ വല കാക്കുന്നത്.

അർജന്റീനയെ സംബന്ധിച്ച് എമിലിയാനോ ടീമിനൊപ്പമുള്ളത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഒരിക്കലും തോൽക്കാൻ മനസ്സില്ലാത്ത താരം അർജന്റീനയുടെ കഴിഞ്ഞ മൂന്നു കിരീടനേട്ടങ്ങളിലും പ്രധാനിയായിരുന്നു. കോപ്പ അമേരിക്കയിൽ അടുത്ത കിരീടം ലക്ഷ്യമിട്ടു വരുന്ന എമിലിയാനോ മാർട്ടിനസ് അതിനു ശേഷം ഒളിമ്പിക്‌സിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.

ArgentinaEmiliano Martinez
Comments (0)
Add Comment