കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം പുറത്തെടുത്തില്ലെങ്കിലും ഷൂട്ടൗട്ടിൽ ഒരിക്കൽക്കൂടി എമിലിയാനോ മാർട്ടിനസ് ടീമിനെ രക്ഷിച്ചു. മത്സരത്തിൽ മുന്നിലെത്തിയെങ്കിലും ഇഞ്ചുറി ടൈമിൽ ഇക്വഡോർ സമനില ഗോൾ നേടിയതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ രണ്ടു സേവുകളാണ് എമിലിയാനോ നടത്തിയത്.
മത്സരത്തിൽ മികച്ച സേവുകൾ നടത്തി അർജന്റീനയെ രക്ഷിച്ച എമിലിയാനോ ഷൂട്ടൗട്ടിൽ വീണ്ടും ടീമിനെ സഹായിച്ചു. ലയണൽ മെസി ആദ്യത്തെ പെനാൽറ്റി മിസാക്കിയതോടെ അർജന്റീന സമ്മർദ്ദത്തിലേക്ക് പോയെങ്കിലും അതിനു ശേഷം രണ്ടു സേവുകൾ നടത്തി എമി അതിനെ ലഘൂകരിച്ചു. ലയണൽ മെസിയെ വീണ്ടും കരയാൻ അനുവദിക്കില്ലെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്ന് താരം മത്സരത്തിനു ശേഷം പറഞ്ഞു.
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 5, 2024
“നാട്ടിലേക്ക് ഇപ്പോൾ തന്നെ തിരിച്ചു പോകാൻ ഞാൻ തയ്യാറല്ലെന്ന് സഹതാരങ്ങളോട് പറഞ്ഞിരുന്നു. ലോകകപ്പ്, കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ടീമിന് ടൂർണമെന്റിൽ തുടരാൻ അർഹതയുണ്ട്. ഇതുപോലെ മടങ്ങാൻ കഴിയില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ലയണൽ മെസി പെനാൽറ്റി പാഴാക്കിയതോടെ പന്തിന്മേലുള്ള എന്റെ ശ്രദ്ധ ഒരുപാട് വർധിച്ചു.”
“എല്ലാ താരങ്ങളും അതിനു ശേഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. 2016ൽ സംഭവിച്ചതു പോലെ വീണ്ടുമൊരിക്കൽ കൂടി അമേരിക്കയിൽ ലയണൽ മെസിയുടെ കണ്ണുനീർ വീഴാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ഒരു കുറ്റവാളിയെപ്പോലെ മെസിക്ക് തോന്നുന്നതിന് ഇടവരുത്താനും ഞങ്ങൾക്കാവില്ലായിരുന്നു. കാരണം അദ്ദേഹം ഞങ്ങളുടെ നേതാവാണ്.” എമി മാർട്ടിനസ് പറഞ്ഞു.
മത്സരത്തിൽ ലയണൽ മെസി മോശം പ്രകടനമാണ് നടത്തിയത്. ഇക്വഡോർ മികച്ച പ്രതിരോധവും പ്രത്യാക്രമണങ്ങളും നടത്തി അർജന്റീനയെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. സെമി ഫൈനലിൽ കാനഡ, വെനസ്വല എന്നീ ടീമുകളിൽ ഒന്നായിരിക്കും അർജന്റീനയെ നേരിടുക. ടൂർണമെന്റിൽ മുന്നേറാൻ മികച്ച പ്രകടനം തന്നെ അർജന്റീന നടത്തേണ്ടി വരും.