“ഞങ്ങൾ എല്ലാം നേടിക്കഴിഞ്ഞു, ഇനിയേതു നിയമം വന്നാലും കുഴപ്പമില്ല”- എമിലിയാനോ മാർട്ടിനസ് പറയുന്നു | Emiliano

ഖത്തർ ലോകകപ്പ് അടക്കം അർജന്റീനയുടെ കഴിഞ്ഞ കിരീടനേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ഹോളണ്ടിനെതിരെ ക്വാർട്ടർ ഫൈനലിലും ഫൈനലിൽ ഫ്രാൻസിനെതിരെയും താരത്തിന്റെ കൈകളാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. പെനാൽറ്റി ഷൂട്ടൗട്ടിൽ തനിക്കുള്ള ആധിപത്യം ഒരിക്കൽക്കൂടി എമിലിയാനോ മാർട്ടിനസ് വ്യക്തമാക്കിയ അവസരം കൂടിയായിരുന്നു ഈ മത്സരങ്ങൾ

അതേസമയം ഷൂട്ടൗട്ട് സമയത്ത് എതിരാളിയുടെ മനോവീര്യം ഇല്ലാതാക്കാൻ വേണ്ടി എമിലിയാനോ മാർട്ടിനസ് ചെയ്‌ത കാര്യങ്ങൾ പിന്നീട് വളരെയധികം ചർച്ചയായി. ഇതേക്കുറിച്ച് ചർച്ച ചെയ്‌ത ഫിഫ പുതിയൊരു നിയമം തന്നെ പാസാക്കുകയും ചെയ്‌തു. പെനാൽറ്റി ഷൂട്ടൗട്ട് തടുക്കാൻ നിൽക്കുന്ന ഗോൾകീപ്പറെ പല കാര്യങ്ങളിൽ നിന്നും വിലക്കുന്നതാണ് പുതിയ നിയമം. കഴിഞ്ഞ ദിവസം തന്റെ പ്രവൃത്തി കൊണ്ട് വരാൻ കാരണമായ നിയമത്തെക്കുറിച്ച് അർജന്റീന താരം പ്രതികരിക്കുകയുണ്ടായി.

“ഫിഫയുടെ ആന്റി എമി നിയമത്തെക്കുറിച്ചാണോ ചോദിക്കുന്നത്? എനിക്കത് വളരെ ഇഷ്‌ടമായി. കിക്കെടുക്കുന്ന ആൾ അത് ഗോളാക്കി മാറ്റുന്നതിന് വേണ്ടി അവർ പല ഒഴികഴിവും കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കും. പക്ഷെ ഞാനത് കാര്യമാക്കുന്നേയില്ല. ഞങ്ങളിപ്പോൾ തന്നെ എല്ലാറ്റിലും ചാമ്പ്യൻസായി മാറിക്കഴിഞ്ഞു. അവർ ഒരുപാട് വൈകിപ്പോയി.” കഴിഞ്ഞ ദിവസം അർബൻപ്ലേ എഫ്എമ്മിനോട് സംസാരിക്കുമ്പോൾ എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

ഫിഫ ഏർപ്പെടുത്തിയ പുതിയ നിയമപ്രകാരം പെനാൽറ്റി എടുക്കാൻ വരുന്ന താരത്തെ യാതൊരു തരത്തിലും സ്വാധീനിക്കാൻ ഗോൾകീപ്പർ ശ്രമിക്കാൻ പാടില്ല. അവരോട് സംസാരിക്കുന്നതും പെനാൽറ്റി എടുക്കാൻ വൈകിപ്പിക്കുന്നതും ഗോൾപോസ്റ്റുകളിലും വലയിലും തൊടുന്നതുമെല്ലാം ഈ നിയമം കൊണ്ട് നിർത്തലാക്കും. അതേസമയം ഈ നിയമത്തിനെതിരെ പ്രതിഷേധവും ഉയർന്നു വന്നിരുന്നു. ഈ നിയമം കൊണ്ട് ഗോൾകീപ്പർക്ക് യാതൊരു മൂല്യവും ഫിഫ നൽകുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Emiliano Martinez About New FIFA Rule

ArgentinaEmiliano MartinezFIFA
Comments (0)
Add Comment