ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമാണ് എമിലിയാനോ മാർട്ടിനസ്. ഇന്നലെ നടന്ന ലോകകപ്പ് ഫൈനലിലും താരം അത് തെളിയിക്കുകയുണ്ടായി. ലയണൽ മെസിക്ക് കോപ്പ അമേരിക്ക, ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കി നൽകുമെന്ന് പറഞ്ഞ താരം അതു പാലിക്കുന്ന കാഴ്ചയാണ് രണ്ടു ടൂർണമെന്റിലും കണ്ടത്. അതിനു പുറമെ ഖത്തർ ലോകകപ്പിലെ മികച്ച ഗോൾകീപ്പറായി താൻ മാറുമെന്നു പറഞ്ഞ താരം ഇന്നലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗവും സ്വന്തമാക്കി.
ഇന്നലെ നടന്ന മത്സരത്തിലടക്കം ഈ ലോകകപ്പിൽ നിരവധി തവണ അർജന്റീനയുടെ രക്ഷകനായി എമിലിയാനോ മാർട്ടിനസ് അവതരിക്കുകയുണ്ടായി. പല മത്സരത്തിലും നിർണായകമായ സേവുകൾ നടത്തി. ഓസ്ട്രേലിയക്കും ഫ്രാൻസിനുമെതിരെ നടന്ന മത്സരങ്ങളിലെ അവസാന മിനുട്ടുകളിലെ സേവുകൾ അതിനുദാഹരണമാണ്. ഇതിനു പുറമെ നെതർലാൻഡ്സിനും ഫ്രാൻസിനുമെതിരെ നടന്ന മത്സരങ്ങളിലെ ഷൂട്ടൗട്ടുകളിലും എമിലിയാനോ മാർട്ടിനസ് തന്നെയാണ് അർജന്റീനയുടെ ആത്മവിശ്വാസം ഉയർത്തിയതും ടീമിന് വിജയം നേടിത്തന്നതും.
2019-20 സീസണിൽ ആഴ്സണലിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ലെനോ പരിക്കേറ്റു പുറത്തു പോയതിനു ശേഷമാണ് അർജന്റീന ആരാധകർ പോലും എമിലിയാനോ മാർട്ടിനസിനെ അറിയുന്നത്. അതുവരെ പല ടീമുകളിലും ലോണിൽ കളിച്ച താരം തനിക്ക് ലഭിച്ച അവസരം മുതലാക്കി തകർപ്പൻ പ്രകടനം ആഴ്സണൽ ജേഴ്സിയിൽ നടത്തി. അതിനു പിന്നാലെ ആസ്റ്റൺ വില്ലയിൽ എത്തിയ മാർട്ടിനസ് അവിടെയും തിളങ്ങിയതോടെ അർജന്റീന ടീമിലേക്ക് വിളി വന്നു. താരം അർജന്റീനക്കായി ആദ്യമായി വല കാക്കുന്നത് 2021ലെ കോപ്പ അമേരിക്കക്ക് തൊട്ടു മുൻപായിരുന്നു.
കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനയുടെ പ്രധാന ഗോൾകീപ്പറായ താരം അതിൽ ഹീറോയായി മാറി. പല മത്സരങ്ങളിലും അർജന്റീനയെ രക്ഷിക്കുന്ന പ്രകടനം നടത്തി ടൂർണമെന്റിലെ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയ എമിലിയാനോ മെസിക്കായി എന്തും ചെയ്യുമെന്നും ഇനി ലോകകപ്പാണ് ലക്ഷ്യമെന്നും പറഞ്ഞു. ഇപ്പോൾ ലോകകപ്പിലും ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ താരം നിർണായക പങ്കു വഹിച്ചു. ആരാലും ശ്രദ്ധിക്കാതെ പോകുമായിരുന്ന ഒരു താരത്തിൽ നിന്നും, ലഭിച്ച ഒരൊറ്റ അവസരം ഉപയോഗിച്ച് ഉയർന്നു വന്ന എമിലിയാനോ ഇപ്പോൾ ലോകത്തിന്റെ നെറുകയിലാണ് നിൽക്കുന്നത്.
2017ൽ ആഴ്സണലിൽ കളിച്ചു കൊണ്ടിരുന്ന സമയത്തുള്ള ഫേസ്ബുക്ക് പോസ്റ്റിൽ എന്റെ സമയം വരുമെന്നാണ് എമിലിയാനോ കുറിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. പലരും താരത്തിന് അഭിനന്ദനവുമായി എത്തുകയും ചെയ്യുന്നു. നിരാശപ്പെടുത്തുന്ന സാഹചര്യങ്ങളോട് തളരാതെ പൊരുതിയാവാം ഇത്രയും ആത്മവിശ്വാസം മാർട്ടിനസ് നേടിയത്. ഇപ്പോൾ അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ താരത്തോടെ ഏവരും കടപ്പെട്ടിരിക്കുന്നു. എമിലിയാനോ മാർട്ടിനസ് ഒരു ഹീറോയാണ്.