യുവേഫ കോൺഫറൻസ് ലീഗിന്റെ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ ഹീറോയായി മാറിയത് എമിലിയാനോ മാർട്ടിനസ് ആയിരുന്നു. തുടക്കം മുതൽ തന്നെ ഫ്രഞ്ച് ആരാധകരുടെ കനത്ത കൂക്കിവിളികളും വിസിലുകളും ഏറ്റു വാങ്ങിയ താരം അതിനെ നിഷ്പ്രഭമാക്കുന്ന മനോധൈര്യം കാണിക്കുകയും ഷൂട്ടൗട്ടിൽ ടീമിന്റെ വിജയം ഉറപ്പാക്കുകയും ചെയ്തു.
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ എമിലിയാനോ ഷൂട്ടൗട്ടിൽ രണ്ടു പെനാൽറ്റികൾ തടുത്തിട്ടാണ് വില്ലയുടെ ഹീറോയായത്. പെനാൽറ്റി ഷൂട്ടൗട്ടിൽ തനിക്കുള്ള ആധിപത്യം ഒരിക്കൽക്കൂടി തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. അതേസമയം മത്സരത്തിൽ രണ്ടു മഞ്ഞക്കാർഡുകൾ ലഭിച്ചിട്ടും എമിലിയാനോ മാർട്ടിനസ് പുറത്താക്കപ്പെട്ടില്ലെന്നത് ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.
Pandemonium in the penalty shootout between Lille and Aston Villa:
Emiliano Martínez saves the first penalty and shushes the Lille fans 🤫
He then receives his second yellow card for engaging with the crowd again. However, he remains in the shootout due to the card coming after… pic.twitter.com/JWbce4qss8
— OneFootball (@OneFootball) April 18, 2024
മത്സരത്തിന്റെ ആദ്യപകുതിയിലാണ് എമിലിയാനോ മാർട്ടിനസിന് ആദ്യത്ത മഞ്ഞക്കാർഡ് ലഭിക്കുന്നത്. സമയം വൈകിപ്പിച്ചതിനെ തുടർന്നായിരുന്നു റഫറി അത് പുറത്തെടുത്തത്. അതിനു ശേഷം അടുത്ത മഞ്ഞക്കാർഡ് ലഭിച്ചത് ഷൂട്ടൗട്ടിന്റെ ഇടയിൽ കാണികളോട് ആംഗ്യം കാണിച്ചതിനും. എന്നാൽ മത്സരത്തിനിടയിൽ ലഭിക്കുന്ന മുന്നറിയിപ്പും കാർഡുകളും ഷൂട്ടൗട്ടിലെത്തുമ്പോൾ കണക്കുകൂട്ടില്ലെന്ന നിയമമാണ് എമിലിയാനോയെ ചുവപ്പുകാർഡിൽ നിന്നും രക്ഷിച്ചത്.
ബുദ്ധിപരമായ നീക്കമാണ് എമിലിയാനോ നടത്തിയത്. ഈ നിയമത്തെക്കുറിച്ച് താരത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതുകൊണ്ടാണ് താരം മഞ്ഞക്കാർഡിന്റെ റിസ്ക് ഉണ്ടെന്ന് അറിഞ്ഞിട്ടും കാണികളെ പ്രകോപിപ്പിക്കാനും അവർക്ക് മറുപടി നൽകാനും ശ്രമിച്ചത്. എമിലിയാനോക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചപ്പോൾ സന്തോഷിച്ച ഫ്രഞ്ച് ആരാധകർ ചുവപ്പുകാർഡ് നൽകുന്നില്ലെന്ന് കണ്ടപ്പോൾ നിരാശപ്പെടുകയും ചെയ്തു.
ഖത്തർ ലോകകപ്പിന്റെ ഷൂട്ടൗട്ടുകളിൽ എമിലിയാനോ മാർട്ടിനസ് പുറത്തെടുത്ത മൈൻഡ് ഗെയിം ഏറെ ചർച്ചയായിരുന്നു. അതിനു ശേഷം ഗോൾകീപ്പർമാരുടെ അത്തരം പ്രവൃത്തികളെ നിയന്ത്രിക്കുന്ന നിയമവും കൊണ്ട് വരികയുണ്ടായി. എന്നാൽ നിയമം കൊണ്ട് നിരോധിച്ചാലും തന്റെ മൈൻഡ് ഗെയിം വേറെ രീതിയിൽ കാണിക്കാനും അത് ഉപയോഗപ്പെടുത്താനും കഴിയുമെന്ന് എമിലിയാനോ തെളിയിച്ചു.
Emiliano Martinez Got Two Yellow Cards Vs Lille