ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയപ്പോൾ ഹീറോയായി പ്രകടനമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയത്. രണ്ടു ഷൂട്ടൗട്ടുകളിൽ അർജന്റീനയെ വിജയിപ്പിച്ച താരം നിർണായക സേവുകളും നടത്തി ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരവും സ്വന്തമാക്കി. ലോകകപ്പിന് ശേഷം നിരവധി ക്ലബുകളുമായി എമിലിയാനോയെ ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം ആസ്റ്റൺ വില്ലയിൽ തന്നെ തുടർന്നു.
എന്നാൽ ആസ്റ്റൺ വില്ലയിൽ തന്നെ എക്കാലവും തുടരുമെന്ന കാര്യത്തിൽ മുപ്പതു വയസുള്ള എമിലിയാനോ മാർട്ടിനസിനു ഉറപ്പൊന്നുമില്ല. ആസ്റ്റൺ വില്ലക്കൊപ്പം ഒരു കിരീടം സ്വന്തമാക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നു പറഞ്ഞ താരം പക്ഷെ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ചൂണ്ടിക്കാട്ടി. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ തനിക്ക് കഴിയുമെന്ന വിശ്വാസമുണ്ടെന്നു കൂടി വെളിപ്പെടുത്തിയ എമിലിയാനോ മാർട്ടിനസ് മെസിയും എംബാപ്പായും കളിക്കുന്ന പിഎസ്‌ജിയോടുള്ള താല്പര്യവും പ്രകടിപ്പിച്ചു.
“ചെറുപ്പത്തിൽ ഫ്രഞ്ച് ലീഗിലെ ക്ലബുകളിൽ കളിക്കാനുള്ള നിരവധി അവസരങ്ങൾ എനിക്ക് വന്നിരുന്നു. പിഎസ്‌ജി മികച്ച താരങ്ങളെ അണിനിരത്തി ഓരോ വർഷവും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആഗ്രഹിക്കുന്ന ടീമാണ്. അവിടെ കളിക്കാൻ ഏതു താരമാണ് ആഗ്രഹിക്കാതിരിക്കുക. ലയണൽ മെസിയും കിലിയൻ എംബാപ്പായും വളരെ മികച്ച താരങ്ങളാണ്.” ഫ്ലോറൻറ് ടോർഷൂട്ടിനു നൽകിയ അഭിമുഖത്തിൽ എമിലിയാനോ മാർട്ടിനസ് പറഞ്ഞു.
Emiliano Martínez: "I would like to win a title with Aston Villa. But it's complicated… We were eliminated in the FA Cup in January. You should never lose hope. I have the feeling that I have the level to play and try to win the Champions League." Via @FlorentTorchut. pic.twitter.com/0ozBdC394F
— Roy Nemer (@RoyNemer) February 10, 2023
“ആസ്റ്റൺ വില്ലക്കൊപ്പം ഒരു കിരീടം സ്വന്തമാക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. പക്ഷെ അതു വളരെ സങ്കീർണമായ കാര്യമാണ്. ഞങ്ങൾ ജനുവരിയിൽ എഫ്എ കപ്പിൽ നിന്നും പുറത്തു പോയി, എന്നാൽ നമ്മളൊരിക്കലും പ്രതീക്ഷ കൈവിടാൻ പാടില്ല. ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ശ്രമിക്കാനും അതിൽ വിജയം നേടാനും കഴിയുന്ന തലത്തിലാണ് ഞാൻ നിൽക്കുന്നതെന്നാണ് ഇപ്പോൾ കരുതുന്നത്.” എമിലിയാനോ മാർട്ടിനസ് കൂട്ടിച്ചേർത്തു.
Emiliano Martínez: "I came close to playing in Ligue 1 several times when I was younger. PSG are a great club with great players who aspire to win in the Champions League every year. Who wouldn't love to play there? Leo and Kylian are cracks!" Via interview with @FlorentTorchut. pic.twitter.com/yBjMIviq7S
— Roy Nemer (@RoyNemer) February 10, 2023
ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളെയും എമിലിയാനോ മാർട്ടിനസിനെയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ചാമ്പ്യൻസ് ലീഗിൽ താരം കളിക്കില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. ഈ രണ്ടു ക്ലബുകളും പുതിയ ഗോൾകീപ്പറെ അന്വേഷിക്കുന്ന സാഹചര്യത്തിൽ സമ്മറിൽ വീണ്ടും എമിലിയാനോ മാർട്ടിനസിനെ തേടി വന്നേക്കാം. എന്നാൽ ഡോണറുമ്മ ഉള്ളതിനാൽ താരം പിഎസ്‌ജിയിൽ എത്താനുള്ള സാധ്യത കുറവാണ്.