പോയിന്റ് ബ്ലാങ്ക് സേവുമായി ആസ്റ്റൺ വില്ലയെ രക്ഷിച്ച് എമിലിയാനോ മാർട്ടിനസ്, പ്രശംസയുമായി ഫുട്ബോൾ പണ്ഡിറ്റുകൾ

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയശില്പികളിൽ ഒരാളായിരുന്നു അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെയുള്ള ഷൂട്ടൗട്ടിലും ഫൈനലിൽ ഫ്രാൻസിനെതിരെയും അർജന്റീനയുടെ വിജയം എമിലിയാണോ മാർട്ടിനസിന്റെ മികവിന്റെ കൂടി പിൻബലത്തിലായിരിക്കുന്നു. അതിനു ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തിയ താരം തന്റെ മികച്ച ഫോം തുടരുകയാണ്.

ഇന്നലെ രാത്രി ലീഡ്‌സ് യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ വിജയം ഉറപ്പിക്കുന്നതിൽ എമിലിയാനോ മാർട്ടിനസിനു നിർണായക പങ്കുണ്ടായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മത്സരത്തിൽ ആസ്റ്റൺ വില്ല വിജയം നേടിയത്. ആസ്റ്റൺ വില്ലക്കായി ലിയോൺ ബെയ്‌ലി, അർജന്റീനിയൻ താരം എമിലിയാനോ ബുവേൻഡിയ എന്നിവർ ഗോളുകൾ നേടിയപ്പോൾ ലീഡ്‌സിന്റെ ഗോൾ പാട്രിക്ക് ബാംഫോഡിന്റെ വകയായിരുന്നു.

Pundits Praise Emiliano Martinez Saves Against Leeds United

മത്സരത്തിൽ ആസ്റ്റൺ വില്ല ഒരു ഗോളിന് മുന്നിൽ നിൽക്കുമ്പോൾ മാർട്ടിനസ് നടത്തിയ സേവ് പ്രശംസയേറ്റു വാങ്ങുകയാണ്. ലൂക്ക് അയ്‌ലിംഗ് ബോക്‌സിലേക്ക് നൽകിയ ക്രോസ് ജാക്ക് ഹാരിസണിലേക്ക് എത്തിയപ്പോൾ താരം ഷോട്ടുതിർത്തു. പോയിന്റ് ബ്ലാങ്കിൽ നിന്നുള്ള ഷോട്ട് ഗോൾ തന്നെയെന്ന് ഏവരും ഉറപ്പിച്ച സമയത്ത് താനെ കാലുകൊണ്ടാണ് എമിലിയാനോ അത് തടഞ്ഞിട്ടത്. അതിനു പുറമെ അൻപത്തിമൂന്നാം മിനുട്ടിൽ വിൽഫ്രഡ് ഗ്നോന്റോയുടെ ഒരു ഷോട്ടും താരം തടഞ്ഞിട്ടു.

മത്സരത്തിലെ സ്കൈ സ്പോർട്ട്സ് കമന്ററിയിൽ ഗാരി നെവിൽ പറഞ്ഞത് ലോകകപ്പ് ജേതാവായ താരം നടത്തിയ ലോകോത്തര സേവ് എന്നായിരുന്നു. ഹാരിസണ് അതിൽ കൂടുതലൊന്നും ചെയ്യാനില്ലെന്ന് മറ്റൊരു കമന്റേറ്ററായ ജെറമൈൻ ബെക്ക്‌ഫോഡും പറഞ്ഞു. മത്സരത്തിനു ശേഷം ആസ്റ്റൺ വില്ല താരമായ ജോൺ മക്ക്ഗിൻ എമിലിയാനോ മാർട്ടിനസിനെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും മികച്ച പെനാൽറ്റി കീപ്പർ എന്നായിരുന്നു.

ഖത്തർ ലോകകപ്പിനു ശേഷം എംബാപ്പയെ കളിയാക്കിയതിന്റെ പേരിൽ ധാരാളം വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് എമിലിയാനോ മാർട്ടിനസ്. അതിന്റെ പേരിൽ താരത്തെ ആസ്റ്റൺ വില്ല വിൽക്കുമെന്നുള്ള അഭ്യൂഹങ്ങൾ വരെയുണ്ടായി. എന്നാൽ തന്റെ മികവ് ഓരോ മത്സരങ്ങളിലും തെളിയിച്ചു കൊണ്ടിരിക്കുകയാണ് താരം. വിജയത്തോടെ ആസ്റ്റൺ വില്ല പതിനൊന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ലീഡ്‌സ് പതിനാലാം സ്ഥാനത്താണ്.

Aston VillaEmiliano MartinezEnglish Premier LeagueLeeds United
Comments (0)
Add Comment