എമിലിയാനോ മാർട്ടിനസെന്ന ഗോൾകീപ്പർ അർജന്റീന ടീമിലേക്ക് വരുന്നത് വളരെ വൈകിയാണ്. ഒരുപാട് കാലം ആഴ്‌സണൽ താരമായിരുന്നെങ്കിലും അത്ര പ്രസക്തമല്ലാത്ത ടീമുകൾക്ക് വേണ്ടി ലോണിൽ കളിച്ച താരത്തിന് അർജന്റീന ടീമിലേക്ക് വരുന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരുന്നു. എന്നാൽ ലെനോക്ക് പരിക്കേറ്റതിനെ തുടർന്ന് ആഴ്‌സണലിന്റെ ഗോൾവല കാക്കാൻ ലഭിച്ച അവസരം മുതലെടുത്ത താരത്തിനു പിന്നീട് കരിയറിൽ വെച്ചടി വെച്ചടി കയറ്റം മാത്രമായിരുന്നു.
2021 കോപ്പ അമേരിക്കക്ക് മുൻപ് നടന്ന മത്സരങ്ങളിലാണ് അർജന്റീനക്കായി എമിലിയാനോ മാർട്ടിനസ് വല കാക്കുന്നത്. അതിനു ശേഷം കോപ്പ അമേരിക്കയിൽ നടത്തിയ ഉജ്ജ്വല പ്രകടനം താരത്തെ അർജന്റീന ടീമിലെ സ്ഥിരസാന്നിധ്യമാക്കി മാറ്റി. ആ കോപ്പ അമേരിക്കയും ഇക്കഴിഞ്ഞ ലോകകപ്പും അടക്കം മൂന്നു കിരീടങ്ങൾ അർജന്റീന നേടുമ്പോൾ അതിൽ പ്രധാനിയായി എമിലിയാനോ മാർട്ടിനസ് ഉണ്ടായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ എമിലിയാനോ മാർട്ടിനസ് ഇല്ലായിരുന്നില്ലെങ്കിൽ ചിലപ്പോൾ ഈ കിരീടങ്ങളൊന്നും നേടാൻ അർജന്റീനക്ക് കഴിയുമായിരുന്നില്ല.
🇦🇷 Emiliano Martínez hasn’t conceded a goal in Argentina National Team for 622 minutes.
Last one: Mbappé in World Cup final, almost 10 months ago.
New record in the history of Argentina. pic.twitter.com/cwI6yfOgFz
— Fabrizio Romano (@FabrizioRomano) October 13, 2023
ഖത്തർ ലോകകപ്പിലെ ഹീറോയിക് പ്രകടനത്തോടെ അർജന്റീന ആരാധകരുടെ കണ്ണിലുണ്ണിയായി മാറ്റിയ എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ മത്സരത്തോടെ ഒരു വമ്പൻ നേട്ടം അർജന്റീന ടീമിനായി സ്വന്തമാക്കുകയുണ്ടായി. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ മൂന്നു ഗോളുകൾ വഴങ്ങേണ്ടി വന്നെങ്കിലും അതിനു ശേഷം ഇതുവരെ ഒരു മത്സരത്തിൽ പോലും എമിലിയാനോ ദേശീയ ടീമിനു വേണ്ടി ഗോൾ വഴങ്ങിയിട്ടില്ല. ദേശീയ ടീമിനായി തുടർച്ചയായി ഏറ്റവുമധികം മിനുട്ടുകൾ ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന താരമാണിപ്പോൾ എമിലിയാനോ.
Emiliano Martínez hasn’t conceded a goal in Argentina National Team for 622 MINUTES, this is a new record. 🧤🇦🇷
The last one he conceded was against France in a World Cup final. pic.twitter.com/1hYf0e3RNL
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 13, 2023
ഖത്തർ ലോകകപ്പിന് ശേഷം നാല് സൗഹൃദ മത്സരങ്ങൾ അടക്കം ഏഴു മത്സരങ്ങളാണ് അർജന്റീന ഇതുവരെ കളിച്ചിരുന്നത്. ഈ ഏഴു മത്സരങ്ങളിൽ പതിനെട്ടു ഗോളുകൾ നേടിയ അർജന്റീന ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഇതോടെ 622 മിനുട്ടുകൾ അർജന്റീനക്കായി ഗോൾ വഴങ്ങാതെ തുടർച്ചയായി പൂർത്തിയാക്കിയെന്ന റെക്കോർഡാണ് എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയത്. അർജന്റീന പ്രതിരോധവും ഇക്കാര്യത്തിൽ പ്രശംസ അർഹിക്കുന്നുണ്ട്.
പാരഗ്വായ്‌ക്കെതിരായ മത്സരത്തിലും അർജന്റീന വിജയം സ്വന്തമാക്കിയതോടെ സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടിൽ അർജന്റീനയാണ് മുന്നിൽ നിൽക്കുന്നത്. യോഗ്യത റൗണ്ടിലെ മൂന്നു മത്സരങ്ങളിലും വിജയം നേടിയ അർജന്റീന മാത്രമാണ് സൗത്ത് അമേരിക്കയിൽ വിജയക്കുതിപ്പ് നിലനിർത്തുന്നത്. ലോകകപ്പിൽ സൗദിയോട് ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷം പിന്നീട് നടന്ന പതിമൂന്നു മത്സരങ്ങളിലും അർജന്റീന വിജയം നേടിയെന്ന പ്രത്യേകത കൂടിയുണ്ട്.
Emiliano Martinez Set National Team Record