കഴിഞ്ഞ രണ്ടര വർഷത്തിനിടെ അർജന്റീന നേടിയ മൂന്നു പ്രധാന കിരീടങ്ങൾക്കും കടപ്പെട്ടിരിക്കേണ്ട പേരാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റേത്. 2021ലെ കോപ്പ അമേരിക്കക്കു തൊട്ടു മുൻപ് അർജന്റീനക്കു വേണ്ടി ആദ്യമായി വല കാത്ത താരം കോപ്പ അമേരിക്കയിൽ മിന്നുന്ന പ്രകടനം നടത്തുകയും ഒരു പെനാൽറ്റി ഷൂട്ടൗട്ടിൽ ഹീറോയാവുകയും ചെയ്‌തു. അതിനു ശേഷം അർജന്റീന ടീമിനൊപ്പം ഫൈനലൈസിമ നേടിയ താരം ലോകകപ്പ് ഫൈനൽ ഉൾപ്പെടെ രണ്ടു ഷൂട്ടൗട്ടിലാണ് ടീമിന്റെ രക്ഷകനായത്.
എമിലിയാനോ മാർട്ടിനസ് ഗോൾവലക്ക് മുന്നിൽ നിൽക്കുമ്പോൾ തന്നെ അർജന്റീന ആരാധകർക്ക് വലിയൊരു ആത്മവിശ്വാസമാണ്. ഒരിക്കലും തലകുനിക്കാത്ത ആത്മവിശ്വാസം നിറഞ്ഞ വാക്കുകളാണ് താരത്തിൽ നിന്നും എപ്പോഴുമുണ്ടാകാറുള്ളത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലക്ക് വേണ്ടി കളിക്കുന്ന താരം കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളും ഈ ആത്മവിശ്വാസത്തിന്റെ തെളിവാണ്. ആസ്റ്റൺ വില്ലക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ തനിക്ക് കഴിയുമെന്നാണ് താരം പറഞ്ഞത്.
Emiliano Martinez is always confident! Lionel Messi's international team-mate believes he will win Champions League at Aston Villa https://t.co/cPCTOSViTc
— Laurance Allen (@LauranceAl21684) October 26, 2023
“ഈ ക്ലബിൽ എത്തിയതിനു ശേഷമുള്ള എന്റെ ആദ്യത്തെ അഭിമുഖങ്ങൾ കണ്ടാൽ നിങ്ങൾക്ക് തന്നെ മനസിലാകും അത് ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതിനെക്കുറിച്ചും ഒരു കിരീടം നേടുന്നതിനെക്കുറിച്ചും ആണെന്ന കാര്യം. ആദ്യത്തെ ദിവസം മുതൽ ഞാൻ വിശ്വസിക്കുന്നത് ചാമ്പ്യൻസ് ലീഗോ മറ്റൊരു കിരീടമോ നേടി ഞാനീ ക്ലബിൽ നിന്നും ഒരു ദിവസം പടിയിറങ്ങുമെന്നാണ്. ചാമ്പ്യൻസ് ലീഗ് കളിക്കണമെന്നും ഒരു കിരീടം നേടണമെന്നും ആഗ്രഹമുള്ള ഒരു ക്ലബാണ് ആസ്റ്റൺ വില്ല.”
Emiliano Martínez hasn’t conceded a goal in Argentina National Team for 712 minutes.
The last goal he conceded was exactly 10 months ago. pic.twitter.com/K3VRQpOmWU
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 18, 2023
“മാനേജരായ ഉനെ എമറിയുമായി ഓരോ ദിവസവും നടത്തുന്ന സംഭാഷണം അവിടേക്ക് എങ്ങിനെ എത്താൻ കഴിയുമെന്നാണ്. വില്ല പാർക്കിനെ വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഞാൻ പറഞ്ഞിട്ടുള്ളതു പോലെ സമയം കളയാൻ വേണ്ടിയല്ല ഞാൻ ഇവിടേക്ക് എത്തിയിട്ടുള്ളത്. ഞാൻ വന്നതിനു ശേഷം ടീം മുന്നോട്ടു പോകുന്നതാണ് കണ്ടിട്ടുള്ളത്. ആസ്റ്റൺ വില്ലയെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കാനും ഒരു കിരീടം നേടാനും ഞാൻ ആഗ്രഹിക്കുന്നത് അതിനാലാണ്, അതുറപ്പായും നടപ്പിലാക്കും.” മാർട്ടിനസ് മാധ്യമങ്ങളോട് പറഞ്ഞു.
ഉനെ എമറി കഴിഞ്ഞ സീസണിനിടയിൽ പരിശീലകനായത് ആസ്റ്റൺ വില്ലയുടെ പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനെ ഏഴാം സ്ഥാനത്തേക്ക് എത്തിച്ച അദ്ദേഹത്തിന് കീഴിൽ നിലവിൽ ടീം അഞ്ചാമതാണ്. ഒന്നാം സ്ഥാനത്തുള്ള ടോട്ടനത്തേക്കാൾ വെറും നാല് പോയിന്റ് മാത്രമാണ് വ്യത്യാസം. നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള പരിചയസമ്പത്തുള്ള പരിശീലകനും മാർട്ടിനസിനെ പോലെ ആത്മവിശ്വാസമുള്ള ഒരു താരവും ചേർന്നാൽ ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ ആസ്റ്റൺ വില്ലക്ക് കഴിയില്ലെന്ന് കരുതാനാകില്ല.
Emiliano Martinez Wants To Win UCL With Aston Villa