മെസിയൊരു പ്രതിഭാസമാണ്, അർജന്റീന നായകനെ നേരിടാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ബ്രസീലിയൻ യുവതാരം | Messi

മെസിയൊരു പ്രതിഭാസമാണ്, അർജന്റീന നായകനെ നേരിടാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ബ്രസീലിയൻ യുവതാരം | Messi

സൗത്ത് അമേരിക്കയിലെ ലോകകപ്പ് യോഗ്യത റൗണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം നടക്കാൻ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ലാറ്റിനമേരിക്കയിലെ കരുത്തുറ്റ രണ്ടു ടീമുകളായ ബ്രസീലും അർജന്റീനയും തമ്മിലുള്ള പോരാട്ടത്തിന് ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം നവംബർ ഇരുപത്തിരണ്ടിനു രാവിലെ ആറു മണിക്കാണ് ലോകമെമ്പാടും ഏറ്റവുമധികം ആരാധകരുള്ള രണ്ടു ടീമുകളും തമ്മിലുള്ള മത്സരം നടക്കാൻ പോകുന്നത്.

ബ്രസീലിനെ സംബന്ധിച്ച് ഒരുപാട് തിരിച്ചടികളുടെ ഇടയിലാണ് ലോകകപ്പ് യോഗ്യത മത്സരം നടക്കുന്നത്. നെയ്‌മർ നേരത്തെ തന്നെ പരിക്കേറ്റു പുറത്തു പോയതിനു പുറമെ കഴിഞ്ഞ മത്സരത്തിൽ വിനീഷ്യസ് ജൂനിയറിനെയും അവർക്ക് നഷ്‌ടമായിരുന്നു. ഈ രണ്ടു താരങ്ങളും ഇല്ലാതെ ബ്രസീൽ ഇറങ്ങുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ടീമിലേക്ക് പുതിയതായി എത്തിയ പതിനേഴുകാരനായ താരം എൻഡ്രിക്കിലാണ്. താരത്തിന് കഴിവ് തെളിയിക്കാനുള്ള ഒരു അവസരം ഇത് നൽകും.

അർജന്റീനക്കും ലയണൽ മെസിക്കുമെതിരെ കളിക്കാൻ താൻ വളരെയധികം ആവേശത്തോടെ കാത്തിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം എൻഡ്രിക്ക് പറഞ്ഞത്. റൊണാൾഡോ നാസറിയോക്ക് ശേഷം ബ്രസീൽ ദേശീയ ടീമിലേക്ക് തിരഞ്ഞടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമായ എൻഡ്രിക്ക് കഴിഞ്ഞ മത്സരത്തിൽ ഏതാനും മിനുട്ടുകൾ കളിക്കളത്തിൽ ഉണ്ടായിരുന്നു. അർജന്റീനക്കെതിരെ കൂടുതൽ അവസരം ലഭിക്കുമെന്നാണ് താരവും ആരാധകരും പ്രതീക്ഷിക്കുന്നത്.

“മെസിയൊരു പ്രതിഭാസമാണ്, ഈ വർഷം വീണ്ടും ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറുകയും ചെയ്‌തു. താരത്തിനെതിരെ കളിക്കാൻ കിട്ടുന്ന സമയം ആസ്വദിക്കാനാണ് ഞാൻ ഒരുങ്ങുന്നത്. വീഡിയോ ഗെയിമുകളിൽ മാത്രം കണ്ടിട്ടുള്ള താരത്തിനെതിരെ ഒരേ സ്റ്റേഡിയത്തിൽ കളിക്കുകയെന്നത് ഞാൻ വളരെയധികം ആസ്വദിക്കുന്നു. മെസിയെ അടുത്ത് കാണാൻ കഴിയുന്നത് തന്നെ വളരെ മനോഹരമായ ഒരു അനുഭവമായിരിക്കും. മെസി മികച്ച താരാമാണെങ്കിലും ഞാനൊരു റൊണാൾഡോ ഫാനാണ്.” ബ്രസീലിയൻ താരം പറഞ്ഞു.

നാളെ ഇറങ്ങുമ്പോൾ അർജന്റീനക്കും ബ്രസീലിനും വിജയം മാത്രമാണ് ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ യുറുഗ്വായോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന്റെ ക്ഷീണം മറികടക്കുകയെന്ന ലക്ഷ്യമാണ് അർജന്റീനക്കുള്ളതെങ്കിൽ ബ്രസീലിനെ സംബന്ധിച്ച് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിജയം നേടാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് മാറ്റുകയെന്നാണ്. എന്തായാലും മാരക്കാനയിലെ പോരാട്ടം ആവേശകരമായ ഒന്നായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Endrick Excited To Face Lionel Messi

ArgentinaBrazilCristiano RonaldoEndrickLionel Messi
Comments (0)
Add Comment