യുദ്ധം പോലെയുള്ള ആ പോരാട്ടത്തിൽ ബ്രസീലിയൻ ആരാധകർ അർജന്റീനയെ പിന്തുണക്കുന്നത് കണ്ടു, ഒരുപാട് വിഷമം തോന്നിയ കാര്യമെന്ന് എൻഡ്രിക്ക് | Endrick

സമീപകാലത്ത് ലോകഫുട്ബോളിൽ ഏറ്റവുമധികം നേട്ടങ്ങൾ കൊയ്‌ത ടീമാണ് അർജന്റീന. പരിമിതമായ വിഭവങ്ങളെ വെച്ചു കൊണ്ടാണ് അവർ ലോകകപ്പ് ഉൾപ്പെടെ സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയത്. അതേസമയം ഒരുപാട് പ്രതിഭയുള്ള താരങ്ങളുള്ള ബ്രസീൽ ദേശീയ ടീമിനു രണ്ടു പതിറ്റാണ്ടുകളായി ലോകകപ്പിന്റെ ഫൈനൽ കളിക്കാൻ പോലും കഴിഞ്ഞിട്ടില്ല.

ബ്രസീലിയൻ ടീമിലെ ഇപ്പോഴത്തെ സാഹചര്യം അവരുടെ ആരാധകരിൽ രോഷം സൃഷ്‌ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പലപ്പോഴും ലയണൽ മെസിയെയും അർജന്റീന ടീമിനെയും അവർ പിന്തുണക്കുകയും ചെയ്യാറുണ്ട്. നവംബറിൽ ബ്രസീലിലെ മാരക്കാനയിൽ വെച്ചു നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ പോലും ബ്രസീലിയൻ ആരാധകർ അർജന്റീനക്ക് പിന്തുണ നൽകിയെന്നാണ് യുവതാരം എൻഡ്രിക്ക് പറയുന്നത്.

“ഞാൻ മാരക്കാനയിൽ കളിച്ച സമയത്ത് ഒരുപാട് ബ്രസീൽ ആരാധകർ അർജന്റീനക്ക് പിന്തുണ നൽകുന്നത് കണ്ടിരുന്നു. അതു കുറച്ചു വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. കാരണം ബ്രസീലും അർജന്റീനയും തമ്മിലുള്ള പോരാട്ടമെന്നു പറഞ്ഞാൽ അതൊരു ക്ലാസ്സിക് മത്സരമാണ്, ഒരു യുദ്ധം പോലെയാണ്. അതിൽ ബ്രസീലിയൻ ആരാധകർ അർജന്റീനക്ക് വേണ്ടി ആർപ്പു വിളിക്കുന്നത് കാണുന്നത് സങ്കടമാണ്.”

“ഒരു ബ്രസീലിയൻ ബ്രസീലിനെതിരെ ആരവം മുഴക്കുന്നത് കാണുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞങ്ങൾ ആരാധകരുടെ മുഖത്ത് സന്തോഷം തിരിച്ചു കൊണ്ടുവരേണ്ടത് അനിവാര്യമായ കാര്യമാണ്. ദൈവം സഹായിച്ചാൽ വരുന്ന വർഷങ്ങളിൽ ബ്രസീലിനു ലോകകപ്പ് കിരീടം സ്വന്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.” എൻഡ്രിക്ക് പറഞ്ഞു.

നിലവിൽ ബ്രസീൽ ടീമിനൊപ്പം ഒളിമ്പിക്‌സ് യോഗ്യത മത്സരം കളിക്കുന്ന എൻഡ്രിക്കിനും ടീമിനും അർജന്റീനക്കെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരം വളരെ നിർണായകമാണ്. അതിൽ വിജയിക്കുന്ന ടീമിന് ഒളിമ്പിക്‌സിന് യോഗ്യത നേടാനാകും. അതേസമയം തോൽക്കുന്ന ടീം ഒളിമ്പിക്‌സ് കാണാതെ പുറത്തു പോവുകയും ചെയ്യും.

Endrick Says Sad To See Brazil Fans Are Supporting Argentina

ArgentinaBrazilEndrick
Comments (0)
Add Comment