ഗോളടിച്ചു കേറി എൻഡ്രിക്ക്, കോപ്പ അമേരിക്ക കിരീടം ബ്രസീലിനു ഉറപ്പിക്കാം | Endrick

കോപ്പ അമേരിക്കക്ക് മുൻപ് നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ മെക്‌സിക്കോക്കെതിരെ വിജയം സ്വന്തമാക്കി കിരീടപ്രതീക്ഷകൾ സജീവമാക്കി ബ്രസീൽ. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ വിജയം നേടിയത്. ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി, എൻഡ്രിക്ക് എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്.

മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ പെരേര ബ്രസീലിനെ മുന്നിലെത്തിച്ചു. അതിനു ശേഷം രണ്ടാം പകുതിയിൽ മാർട്ടിനെല്ലിയും വല കുലുക്കി. അതിനു ശേഷം ക്വിനോനെസിന്റെയും മാർട്ടിനസിന്റെയും ഗോളുകളിൽ മെക്‌സിക്കോ സമനില നേടിയെങ്കിലും അവസാന മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ എൻഡ്രിക്കിന്റെ ഗോളിൽ ബ്രസീൽ വിജയം പിടിച്ചെടുത്തു.

വെറും പതിനേഴു വയസ് മാത്രമുള്ള എൻഡ്രിക്ക് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ബ്രസീലിയൻ ടീമിനായി നടത്തുന്നത്. ബ്രസീലിനായി അരങ്ങേറ്റം നടത്തിയതിനു ശേഷം മൂന്നു മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ താരം മൂന്നെണ്ണത്തിലും ഗോളുകൾ നേടി. സ്പെയിൻ, ഇംഗ്ലണ്ട്, മെക്‌സിക്കോ എന്നിങ്ങനെയുള്ള കരുത്തുറ്റ ടീമുകൾക്കെതിരെയാണ് താരത്തിന്റെ ഗോളുകൾ പിറന്നത്.

യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ ടീമിനെ ഇറക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കിരീടം നേടാൻ കഴിയുമോയെന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ മെക്‌സിക്കോക്കെതിരെ നടന്ന മത്സരത്തിൽ പൊരുതി നേടിയ വിജയം അവർക്ക് ടൂർണമെന്റിലും പ്രതീക്ഷകൾ നൽകുന്നതാണ്.

റയൽ മാഡ്രിഡിനെ സംബന്ധിച്ചും എൻഡ്രിക്കിന്റെ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. മെക്‌സിക്കോക്കെതിരെ നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റിലാണ് താരം ഗോൾ നേടിയത്. ബ്രസീലിൽ ഈ കൂട്ടുകെട്ട് ക്ലിക്ക് ആയാൽ റയൽ മാഡ്രിഡിലും അത് ഗുണം ചെയ്യും. പതിനെട്ടു വയസ് കഴിഞ്ഞതിനു ശേഷം റയൽ മാഡ്രിഡിലേക്ക് വരാൻ കരാറിലെത്തിയ താരമാണ് എൻഡ്രിക്ക്.

Endrick Scored Winner For Brazil Vs Mexico

BrazilInternational FriendliesMexico
Comments (0)
Add Comment