നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ സാധ്യതയുള്ള 1300 ആരാധകർക്ക് വിലക്കുമായി ഇംഗ്ലണ്ടും വെയിൽസും. ടൂർണമെന്റിനിടെ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതായി കണക്കാക്കുന്ന, മുൻപ് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ള ആരാധകർക്കാണ് ഖത്തറിലേക്ക് പോകാനോ മത്സരങ്ങളിൽ പങ്കെടുക്കാനോ കഴിയാത്ത രീതിയിൽ വിലക്ക് നൽകിയിരിക്കുന്നത്. ലോകകപ്പിൽ കുഴപ്പങ്ങളുണ്ടാകാതെ നോക്കുന്നതിനൊപ്പം സ്വന്തം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനു കൂടി വേണ്ടിയാണ് ഈ തീരുമാനം.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫുട്ബോൾ ലോകകപ്പ് മിഡിൽ ഈസ്റ്റ് രാജ്യത്തു വെച്ച് നടക്കുന്നത്. മികച്ച ഒരുക്കങ്ങളാണ് ലോകകപ്പിനായി ഖത്തർ നടത്തിയിട്ടുള്ളത്. എന്നാൽ യൂറോപ്പിനെ അപേക്ഷിച്ച് നിരവധി കാര്യങ്ങളിൽ കർശനനിയമങ്ങളുള്ള രാജ്യമായ ഖത്തറിലേക്ക് ആരാധകർ പോകുന്നതിനെ സംബന്ധിച്ച് പല രാജ്യങ്ങളും മുന്നറിയിപ്പ് നൽകുന്നുണ്ട്. അവരുടെ നിയമങ്ങളെ കൃത്യമായി ബഹുമാനിക്കാനും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നുമാണ് ആരാധകരോട് ആവശ്യപ്പെട്ടത്.
അതേസമയം കൂടുതൽ പ്രശ്നക്കാരായ ആരാധകരെ ഖത്തറിലേക്ക് വിടേണ്ടെന്നു തന്നെയാണ് ഈ രാജ്യങ്ങളുടെ തീരുമാനം. വിലക്കിയ ആരാധകരോട് അവരുടെ പാസ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട യുകെ ഹോം ഓഫീസ് ഈ ആരാധകരിൽ ആരെങ്കിലും സമ്മതമില്ലാതെ ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ പോയെങ്കിൽ തിരിച്ചു വരുമ്പോൾ ആറു മാസത്തെ തടവും നിശ്ചിതതുക പിഴയും നൽകേണ്ടി വരുമെന്ന ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
1300 hooligans have their passports taken so they can't go to the World Cup.
— Emily Benammar (@EmilyBenammar) October 11, 2022
A Liverpool star's World Cup is already over
And team France rocked by witchcrafthttps://t.co/S1cvtmDCfy
ബ്രിട്ടീഷ് ടീമുകൾ പങ്കെടുക്കുന്ന പ്രധാന ടൂർണമെന്റിനു മുന്നോടിയായി യാത്രാവിലക്കുകൾ വരുന്നത് ഇതാദ്യമായല്ല. 2011-12 സീസണു ശേഷമാണ് ഇതു സ്വാഭാവികമായ ഒന്നായി മാറിയത്. കഴിഞ്ഞ ലോകകപ്പിലും ബ്രിട്ടീഷ് ആരാധകരിൽ ഒരു വിഭാഗത്തിന് പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നു. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിനിടെ ഇംഗ്ലീഷ് ആരാധകർ അക്രമാസക്തരായി കുഴപ്പങ്ങൾ ഉണ്ടാക്കിയതു കൂടി പരിഗണിച്ചാകും ഖത്തറിൽ ആരാധകരെ വിലക്കാൻ ബ്രിട്ടിഷ് ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ടാവുക.
നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ എട്ടു സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് ടൂർണമെന്റ് നടക്കുന്നത്. പല കാര്യത്തിലും നിയമങ്ങൾ കർശനമായ രാജ്യമാണ് ഖത്തറെങ്കിലും ലോകകപ്പിന്റെ ഭാഗമായി അവയിൽ പലതും ലഘൂകരിക്കാൻ അവർ തയ്യാറായിട്ടുണ്ട്. ടൂർണ്ണമെന്റിനായി എത്തുന്ന ആരാധകർക്ക് ഏറ്റവും മികച്ച അനുഭവവും ആതിഥേയത്വവും നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.