പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകളിൽ തകർപ്പൻ പ്രകടനം നടത്തുന്ന നിരവധി താരങ്ങളുടെ സാന്നിധ്യം ഉണ്ടാകുമെങ്കിലും ദേശീയ ടീമെന്ന നിലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ടീമാണ് ഇംഗ്ലണ്ട്. 1966ൽ സ്വന്തം നാട്ടിൽ വെച്ചു നടന്ന ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിനു ശേഷം പിന്നീടൊരു പ്രധാന കിരീടം പോലും സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് ദേശീയ ടീമിനെ സംബന്ധിച്ച് അതിനു ശേഷമുള്ള ഏറ്റവും വലിയ നേട്ടം 2020 യൂറോ കപ്പിന്റെ ഫൈനലിൽ എത്തിയതാണ്.
ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായ ഇംഗ്ലണ്ട് ദേശീയ ടീം 2026 ലോകകപ്പിൽ കിരീടം നേടണമെന്ന് ഉറപ്പിച്ചുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡൈലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനു ശേഷം നിലവിലെ പരിശീലകനായ ഗാരെത് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് ദേശീയ ടീമിൽ നിന്നും സ്ഥാനമൊഴിയും. അതിനു പകരക്കാരനായി പെപ് ഗ്വാർഡിയോളയെയാണ് അവർ പരിഗണിക്കുന്നതെന്നാണ് ഡൈലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.
Gareth Southgate is reportedly set to walk from the England job after Euro 2024, with the FA trying to lure Pep Guardiola as his replacement 🏴👀
Would England win the 2026 World Cup with Pep in charge? 🏆🤔 pic.twitter.com/Rf4kjkwBue
— SPORTbible (@sportbible) September 5, 2023
2016 മുതൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി തുടരുന്ന പെപ് ഗ്വാർഡിയോള പ്രീമിയർ ലീഗിൽ തന്റെ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. ഇത്രയും കാലത്തിനിടയിൽ അഞ്ചു പ്രീമിയർ ലീഗ് കിരീടങ്ങളാണ് മറ്റുള്ള വമ്പൻ ക്ലബുകളെ മറികടന്ന് പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിക്ക് നേടിക്കൊടുത്തത്. ഇംഗ്ലീഷ് ഫുട്ബോളിന്റെ സ്വഭാവം മനസിലാക്കി അതിൽ ഉചിതമായ മാറ്റങ്ങൾ വരുത്തി പ്രീമിയർ ലീഗിൽ അപ്രമാദിത്വം സ്ഥാപിച്ച പെപ് ഗ്വാർഡിയോളക്ക് ഇംഗ്ലീഷ് ടീമിനൊപ്പവും അതാവർത്തിക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.
താരനിബിഢമായ ഇംഗ്ലണ്ട് സ്‌ക്വാഡിൽ ഗ്വാർഡിയോളയുടെ ശൈലിക്ക് അനുസൃതമായ നിരവധി താരങ്ങൾ കളിക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. അതേസമയം ഇതുവരെ ഒരു ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടില്ലാത്ത ഗ്വാർഡിയോള ഈ ഓഫർ തിരഞ്ഞെടുക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ ഗ്വാർഡിയോള അടുത്ത യൂറോ കപ്പിനു ശേഷം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായാൽ 2026 ലോകകപ്പ് ലക്‌ഷ്യം വെച്ച് നീങ്ങുന്ന ബ്രസീൽ, അർജന്റീന, ഫ്രാൻസ് തുടങ്ങിയ ടീമുകൾക്കെല്ലാം അതൊരു വലിയ വെല്ലുവിളി തന്നെയാകുമെന്നുറപ്പാണ്.
English FA Want Guardiola To Replace Southgate After 2024 Euro