കാനഡക്കെതിരെ നടന്ന കോപ്പ അമേരിക്ക സെമി ഫൈനൽ മത്സരത്തിൽ വിജയം നേടി അർജന്റീന തുടർച്ചയായ നാലാമത്തെ കിരീടം സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയിട്ടുണ്ട്. മത്സരത്തിൽ കാനഡ വിറപ്പിച്ചെങ്കിലും പരിചയസമ്പത്തും കൃത്യമായ അവസരങ്ങളും മുതലെടുത്ത് അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഇക്വഡോറിനെതിരെ നടന്ന ക്വാർട്ടർ ഫൈനലിൽ അർജന്റീന പതറിയിരുന്നു. തോൽവി വഴങ്ങാൻ സാധ്യതയുള്ള മത്സരത്തിൽ എമിലിയാനോ മാർട്ടിനസ് ഷൂട്ടൗട്ടിലാണ് അർജന്റീനയെ രക്ഷപ്പെടുത്തിയത്. ആ മത്സരത്തിന് ശേഷം ടീമിനു സംഭവിച്ച പാളിച്ചകൾ പുലർച്ചെ നാല് മണി വരെ വീഡിയോ ദൃശ്യങ്ങൾ അർജന്റീന കോച്ചിങ് ടീം വിശകലനം ചെയ്‌താണ് കാനഡക്കെതിരെ ടീമിനെ ഇറക്കിയത്.
🚨 Enzo Fernández is playing in the centre, as a 5 tonight. The same position he played in the World Cup. @gastonedul 🇦🇷5️⃣ pic.twitter.com/f7GAEPU8Oq
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 9, 2024
ടീമിൽ വരുത്തിയ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് എൻസോ ഫെർണാണ്ടസിനു ലോകകപ്പിൽ കളിച്ച പൊസിഷൻ തിരിച്ചു നൽകിയതാണ്. ഇക്വഡോറിനെതിരെയുള്ള മത്സരത്തിലടക്കം താരം നമ്പർ 8 അല്ലെങ്കിൽ നമ്പർ 10 പോലെയാണ് കളിച്ചിരുന്നത്. എന്നാൽ കാനഡക്കെതിരായ മത്സരത്തിൽ താരത്തെ ലോകകപ്പിലേതു പോലെ നമ്പർ 5 പൊസിഷനിലേക്ക് ലയണൽ സ്‌കലോണി തിരിച്ചു കൊണ്ടുവന്നു.
കഴിഞ്ഞ മത്സരങ്ങളിൽ ഡിഫെൻസിവ് മിഡ്‌ഫീൽഡിൽ കളിച്ചിരുന്ന മാക് അലിസ്റ്റർ ഇതോടെ പൂർണമായി സ്വാതന്ത്ര്യത്തോടെ കളിക്കാൻ തുടങ്ങി. മധ്യനിരയിൽ കൂടുതൽ ചലനം സൃഷ്‌ടിക്കാൻ ഇത് കാരണമാവുകയും ചെയ്‌തു. തന്റെ പ്രിയപ്പെട്ട പൊസിഷനിലേക്ക് മടങ്ങിയെത്തിയ എൻസോ ഫെർണാണ്ടസ് ലയണൽ മെസി നേടിയ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്‌തു.
റൈറ്റ്ബാക്കായി മോളിനക്ക് പകരം മോണ്ടിയലിനെ ഇറക്കിയതും പ്രധാനപ്പെട്ടൊരു നീക്കമായിരുന്നു. വേഗതയേറിയ അൽഫോൻസോ ഡേവീസിനെ ഏറെക്കുറെ നിശബ്‌ദമാക്കി നിർത്താൻ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ഏഞ്ചൽ ഡി മരിയ, അൽവാരസ് എന്നിവരും തങ്ങളുടെ ചുമതലകൾ ഭംഗിയായി നിർവഹിച്ചു.
തന്ത്രങ്ങളിലും ഫോർമേഷനിലും സ്‌കലോണി വരുത്തുന്ന ഈ മാറ്റങ്ങൾ അർജന്റീനയുടെ കുതിപ്പിൽ വളരെ നിർണായകമാണ്. ഫൈനലിൽ കൊളംബിയ, യുറുഗ്വായ് എന്നീ ടീമുകളിൽ ഒന്നായിരിക്കും അർജന്റീനയുടെ എതിരാളികൾ. ആരാണ് എതിരാളികൾ എന്നറിഞ്ഞതിനു ശേഷം മാത്രമാകും സ്‌കലോണി അടുത്ത മത്സരത്തിനുള്ള ടീമിനെ തീരുമാനിക്കുക.