ഇത്രയും മികച്ച യുവതാരം സൗദിയിലേക്കോ, ഒരിക്കലും വിട്ടുകൊടുക്കരുതെന്ന് ആരാധകർ

ഒളിമ്പിക്‌സ് ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാമത്തെ മത്സരത്തിൽ മികച്ച വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. ആദ്യത്തെ മത്സരത്തിൽ മൊറോക്കോയോട് തോൽവി വഴങ്ങിയ അർജന്റീന ഇറാഖിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു. എല്ലാ ടീമുകൾക്കും മൂന്നു പോയിന്റ് വീതമുള്ള ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് അർജന്റീനയാണ്.

ഇന്നലെ ഇറാഖിനെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് മധ്യനിര താരമായ എസ്‌ക്വിയൽ ഫെർണാണ്ടസ് എന്ന ഇക്വി ഫെർണാണ്ടസ് ആയിരുന്നു. തൊണ്ണൂറു മിനുട്ടും കളിച്ച താരം അർജന്റീന മധ്യനിരയെ നിയന്ത്രിക്കുന്ന പ്രകടനമാണ് നടത്തിയത്. അർജന്റീനയുടെ വിജയമുറപ്പിച്ച മൂന്നാമത്തെ ഗോളും താരത്തിന്റെ ബോക്‌സിനു പുറത്തു നിന്നുള്ള ഷോട്ടിൽ നിന്നായിരുന്നു.

മത്സരത്തിൽ താരത്തിന്റെ പ്രകടനം കണ്ടതിനു ശേഷം ആരാധകർ ആവശ്യപ്പെടുന്നത് ഒരു കാര്യമാണ്. ടൂർണമെന്റിനു മുൻപ് സൗദി അറേബ്യയിലേക്ക് ഇക്വി ഫെർണാണ്ടസ് ചേക്കേറുമെന്ന റിപ്പോർട്ടുകൾ സജീവമായിരുന്നു. ഇരുപത്തിരണ്ടുകാരനായ താരം സൗദി അറേബ്യയിലേക്ക് ചേക്കേറാൻ അനുവദിക്കാൻ പാടില്ലെന്നാണ് ഏവരും പറയുന്നത്.

മഷറാനോയുടെ പകരക്കാരനാകാൻ കഴിയുന്ന ഫെർണാണ്ടസ് ഇന്നലത്തെ മത്സരത്തിൽ 92 ശതമാനം പാസുകളും പൂർത്തിയാക്കി. ഒരു കീ പാസ് നൽകിയ താരം ശ്രമിച്ച ഏഴു ലോങ്ങ് പാസുകളും കൃത്യമായി പൂർത്തിയാക്കുകയും പതിനൊന്നിൽ ഏഴു ഡുവൽസും വിജയിക്കുകയും ചെയ്‌തു. അഞ്ചു ടാക്കിളുകളും അഞ്ചു ഇന്റർസെപ്‌ഷൻസും ഫെർണാണ്ടസ് നടത്തി.

നിലവിൽ ബൊക്ക ജൂനിയേഴ്‌സിന് വേണ്ടിയാണ് ഫെർണാണ്ടസ് കളിക്കുന്നത്. ഈ ട്രാൻസ്‌ഫർ ജാലകത്തിൽ താരം സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമായി ഉണ്ടെങ്കിലും ഒളിമ്പിക്‌സ് ടൂർണമെന്റ് അതിൽ വഴിത്തിരിവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. യൂറോപ്പിലെ ഏതെങ്കിലും ക്ലബ് താരത്തിനായി ശ്രമം നടത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

2024 OlympicsArgentinaEqui Fernandez
Comments (0)
Add Comment