സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ കഴിയുന്നൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ ശ്രമം നടത്തിയ താരത്തിനു പക്ഷെ അതു നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടർന്ന റൊണാൾഡോക്ക് അത്ര മികച്ച അനുഭവമല്ല ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്ലബിൽ ഒരു പകരക്കാരൻ താരമായാണ് റൊണാൾഡോ ഇപ്പോൾ പരിഗണിക്കപ്പെടുന്നത്.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് കൂടുതൽ നിരാശ നൽകുന്ന ഒന്നായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് കനത്ത പരാജയം ഏറ്റു വാങ്ങിയ മത്സരത്തിൽ പകരക്കാരനായി പോലും റൊണാൾഡോയെ കളത്തിലിറക്കാൻ പരിശീലകനായ എറിക് ടെൻ ഹാഗ് തയ്യാറായില്ല. ഇതേത്തുടർന്ന് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ റൊണാൾഡോ ക്ലബ് വിടുമെന്നും ടെൻ ഹാഗ് താരത്തെ ജനുവരിയിൽ ഒഴിവാക്കാൻ സമ്മതം മൂളിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ വാസ്‌തവമില്ലെന്നാണ് ഡച്ച് പരിശീലകൻ ഇന്നു വ്യക്തമാക്കിയത്.
“ഞങ്ങൾ 4-0, 5-1, 6-1 എന്ന സ്കോറിന് പിന്നിൽ നിൽക്കുന്ന സമയത്ത് താരത്തെ കളത്തിൽ ഇറക്കാതിരിക്കുന്നതും ഇതും തമ്മിൽ എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് എനിക്കറിയില്ല. ബഹുമാനം കൊണ്ടാണ് ഞാൻ റൊണാൾഡോയെ മത്സരത്തിൽ ഇറക്കാതിരുന്നത്. അതിനു ഭാവിയിലോ, ജനുവരിയിലോ, അടുത്ത വർഷമോ സംഭവിക്കുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. താരം അസന്തുഷ്‌ടനല്ല, സന്തോഷവാനാണ്, നല്ല രീതിയിൽ പരിശീലനം നടത്തുന്നു, ആസ്വദിക്കുന്നു. എല്ലാവരും നല്ല രീതിയിൽ പരിശീലിച്ച് ആവേശത്തോടെ തുടരുന്നു.” ടെൻ ഹാഗ് പറഞ്ഞു.
Ten Hag: “Ronaldo is not happy when he’s not playing but he’s training well, he gives his best — he’s in a good mood”. 🔴 #MUFC
— Fabrizio Romano (@FabrizioRomano) October 5, 2022
“The question was about his mood in training, where he's happy. And than of course, he wants to play and he's p***** off when he's not playing”. pic.twitter.com/oqugqYRyaY
അതേസമയം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കനത്ത തോൽവി വഴങ്ങിയ മത്സരത്തിൽ കളിക്കാതിരുന്നതിൽ റൊണാൾഡോ സന്തോഷവാനാണെന്ന വാദങ്ങൾ ടെൻ ഹാഗ് പൂർണമായും തള്ളിക്കളഞ്ഞു. കളിക്കാതിരുന്നതിൽ റൊണാൾഡോക്ക് നിരാശയുണ്ടെന്നും എന്നാൽ താരം നല്ല രീതിയിൽ പരിശീലനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മത്സരത്തിലും കളിക്കണമെന്ന താൽപര്യമാണ് റൊണാൾഡൊക്കുള്ളതെന്നും ടെൻ ഹാഗ് വ്യക്തമാക്കി.
റൊണാൾഡോയുമായി താൻ എന്തെങ്കിലും ചർച്ചകൾ നടത്തിയോയെന്നും അതിന്റെ വിവരങ്ങളും നൽകാനും ടെൻ ഹാഗ് തയ്യാറായില്ല. നല്ല മത്സരബുദ്ധിയോടെയാണ് താരം തുടരുന്നതെന്നും പരിശീലനത്തിൽ ഏറ്റവും മികച്ചത് നൽകുന്നുണ്ടെന്നും ടെൻ ഹാഗ് പറഞ്ഞു. അതേസമയം ഒമാനിയക്കെതിരെ നടക്കാനിരിക്കുന്ന യൂറോപ്പ ലീഗ് മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ യാതൊരു വിശദീകരണവും നൽകാൻ ടെൻ ഹാഗ് തയ്യാറായില്ല.