ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ നോർവീജിയൻ സ്ട്രൈക്കറായ എർലിങ് ബ്രൂട്ട് ഹാലൻഡിന്റെ കരാറിൽ റിലീസിംഗ് ക്ലോസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നു റിപ്പോർട്ടുകൾ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രീമിയർ ലീഗിലെത്തിയ താരം ഒക്ടോബർ പകുതിയായപ്പോൾ തന്നെ ഇരുപതു ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിക്കായി അടിച്ചുകൂട്ടി യൂറോപ്യൻ ഫുട്ബോളിൽ തരംഗം സൃഷ്ടിക്കുന്നതിന്റെ ഇടയിലാണ് നിർണായകമായ റിപ്പോർട്ട് ദി അത്ലറ്റിക് പുറത്തു വിട്ടിരിക്കുന്നത്.
അൻപത്തിയൊന്നു മില്യൺ യൂറോയുടെ റിലീസിംഗ് ക്ലോസ് നൽകിയാണ് എർലിങ് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ആഴ്ചയിൽ എട്ടര ലക്ഷത്തോളം പൗണ്ട് പ്രതിഫലമായി നൽകുന്ന കരാറാണ് താരത്തിന് മാഞ്ചസ്റ്റർ സിറ്റി നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. അഞ്ചു വർഷത്തെ കരാറിൽ പ്രീമിയർ ലീഗ് ജേതാക്കളുടെ തട്ടകത്തിലേക്ക് ചേക്കേറിയ താരത്തിന് റിലീസ് ക്ലോസ് ഉണ്ടെങ്കിലും അത് പ്രീമിയർ ലീഗിലെ ഒരു ടീമുകൾക്കും ഉപയോഗപ്പെടുത്താൻ കഴിയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ പ്രകാരം 175 മില്യൺ യൂറോയാണ് എർലിങ് ഹാലാൻഡിന്റെ കരാറിൽ റിലീസിംഗ് ക്ലോസായി ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 2024 സമ്മർ മുതൽ മാത്രമേ ഈ റിലീസിംഗ് ക്ലോസ് നിലവിൽ വരികയുള്ളൂ. അതിനു പുറമെ പ്രീമിയർ ലീഗിലെ ഒരു ക്ലബിനും ഈ റിലീസിംഗ് ക്ലോസ് ഉപയോഗിച്ച് താരത്തെ സ്വന്തമാക്കാൻ കഴിയില്ല. പ്രീമിയർ ലീഗിന് പുറത്തുള്ള ക്ലബുകൾക്ക് മാത്രമേ അതിനു കഴിയുകയുള്ളൂ. താരത്തിന്റെ കരാർ അവസാനിക്കാനുള്ള സമയം അടുക്കുന്നതനുസരിച്ച് റിലീസിംഗ് ക്ലോസിലെ തുക കുറയുകയും ചെയ്യും.
Erling Haaland’s outrageous release clause can’t be activated by any Premier League club. pic.twitter.com/4LNimDKCNE
— SPORTbible (@sportbible) October 11, 2022
ഹാലൻഡിനെ സംബന്ധിച്ച് വിവിധ ലീഗുകളിൽ കളിക്കുകയാണ് ലക്ഷ്യമെന്ന് താരത്തിന്റെ പിതാവായ ആൽഫി ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റി ട്രാൻസ്ഫറിനു മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ മാഞ്ചസ്റ്റർ സിറ്റിയിൽ ഏതാനും വർഷങ്ങൾ പൂർത്തിയാക്കിയാൽ മറ്റു ക്ലബുകളിലേക്ക് ചേക്കേറുന്നതിനു വേണ്ടിയാകും റിലീസിംഗ് ക്ലോസ് താരത്തിന്റെ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാലൻഡിനെ പോലൊരു താരത്തിനായി യൂറോപ്പിലെ വമ്പൻ ക്ലബുകൾ ഇത്രയും വലിയ തുക മുടക്കാൻ മടിക്കുകയുമില്ല.
ഈ സീസണിൽ പതിമൂന്നു മത്സരങ്ങൾ മാത്രം കളിച്ചാണ് എർലിങ് ഹാലൻഡ് ഇരുപതു ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി നേടിയിരിക്കുന്നത്. പ്രീമിയർ ലീഗിൽ പതിനഞ്ചും ചാമ്പ്യൻസ് ലീഗിൽ അഞ്ചും ഗോളുകൾ നേടിയ താരം രണ്ടിലും ടോപ് സ്കോററുമാണ്. താരത്തെ സ്വന്തമാക്കാനുള്ള അവസരം ലഭിച്ചാൽ ബാഴ്സലോണ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, പിഎസ്ജി തുടങ്ങിയ ക്ലബുകൾ അതിനായി മുന്നോട്ടു വരുമെന്നതിൽ യാതൊരു സംശയവുമില്ല.