യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറെന്ന ഖ്യാതി നേരത്തെ നേടിയെടുത്ത എർലിങ് ബ്രൂട്ട് ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള ആദ്യത്തെ സീസണിൽ തന്നെ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. സീസണിലിതു വരെ പത്ത് മത്സരങ്ങളിൽ കളിക്കാനിറങ്ങിയ താരം പതിനാലു ഗോളുകൾ നേടുകയും ഒരെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്. പ്രീമിയർ ലീഗിലെ നിരവധി ഗോൾവേട്ടയുടെ റെക്കോർഡുകൾ ഈ സീസണിൽ തകർക്കുമെന്നുറപ്പുള്ള പ്രകടനമാണ് എർലിങ് ഹാലാൻഡ് ഈ സീസണിൽ നടത്തുന്നത്.
പെപ് ഗ്വാർഡിയോളയെന്ന മികച്ച പരിശീലകനു കീഴിൽ ആക്രമണഫുട്ബോൾ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിൽ ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ടെങ്കിലും എർലിങ് ഹാലാൻഡ് ദീർഘകാലം ക്ലബിനൊപ്പം തുടരില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അടുത്തിടെ പുറത്തു വന്ന ഒരു ഡോക്യൂമെന്ററിയിൽ താരത്തിന്റെ പിതാവും മുൻ മാഞ്ചസ്റ്റർ സിറ്റി കളിക്കാരനുമായ ആൽഫി ഹാലാൻഡാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. യൂറോപ്പിലെ എല്ലാ ലീഗുകളിലും കളിക്കണമെന്ന താൽപര്യം താരത്തിനുണ്ടെന്ന് ആൽഫി പറയുന്നു.
“ഹാലാൻഡിനു തന്റെ കഴിവുകൾ എല്ലാ ലീഗുകളിലും പരിശോധിച്ചു നോക്കണമെന്ന താത്പര്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്. അങ്ങിനെയെങ്കിൽ എല്ലാ ലീഗുകളിലും താരത്തിന് പരമാവധി മൂന്നോ നാലോ വർഷമേ തുടരാൻ കഴിയുകയുള്ളൂ. ജർമനിയിൽ രണ്ടര വർഷം കളിക്കാമായിരുന്ന താരത്തിന് ഇംഗ്ലണ്ടിലും അത്രയും കാലം തുടർന്നതിനു ശേഷം സ്പൈനിലേക്കും തുടർന്ന് ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലും പോകാവുന്നതാണ്.” ആൽഫി ഹാലാൻഡ് പറഞ്ഞു.
Erling Haaland's father, Alfie, has suggested Haaland Jr. may only spend two to three seasons with Manchester City. 👀#BBCFootball #epl #ManCity
— BBC Sport (@BBCSport) September 30, 2022
താൻ പറഞ്ഞതു പോലെത്തന്നെ ഭാവിയിൽ സംഭവിക്കുമോയെന്നറിയില്ലെങ്കിലും എർലിങ് ഹാലാൻഡിനു യൂറോപ്പിലെ എല്ലാ പ്രധാന ലീഗുകളിലും തന്റെ കഴിവു തെളിയിക്കാനുള്ള ആഗ്രഹമുണ്ടെന്ന് ഒരിക്കൽക്കൂടി ആൽഫി വെളിപ്പെടുത്തി. മാഞ്ചസ്റ്റർ സിറ്റി ആരാധകരെ സംബന്ധിച്ച് ഇതു വലിയ നിരാശ നൽകുന്ന വാർത്തയാണെങ്കിലും താരത്തെ തളക്കാൻ പാടുപെടുന്ന പ്രീമിയർ ലീഗിലെ പ്രതിരോധതാരങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയായിരിക്കും.
യൂറോപ്പിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറായതിനാൽ തന്നെ എല്ലാ വമ്പൻ ക്ലബുകളും ഹാലാൻഡിനു വേണ്ടി ശ്രമം നടത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്പെയിനിൽ ബാഴ്‌സലോണ, റയൽ മാഡ്രിഡ് ക്ലബുകൾ നേരത്തെ തന്നെ നോട്ടമിട്ടിരുന്ന താരത്തിൽ പിഎസ്‌ജി ഉൾപ്പെടെയുള്ള മറ്റു ക്ലബുകൾക്കും താൽപര്യമുണ്ട്. പ്രീമിയർ ലീഗ് വിടുകയാണെങ്കിൽ ഹാലാൻഡ് ചേക്കേറാൻ സാധ്യത സ്പെയിനിലേക്ക് തന്നെയായിരിക്കും.