ജോവെറ്റിക്കിനെ സ്വന്തമാക്കാനായില്ലെങ്കിൽ ലൂണയുടെ നാട്ടുകാരൻ, പുതിയ സ്‌ട്രൈക്കറെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്

പുതിയ സീസൺ ആരംഭിക്കാൻ ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ ഒരു സ്‌ട്രൈക്കർക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരെ ആവേശത്തിലാക്കി മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ സ്റ്റീവൻ ജോവെട്ടിക്കിന്റെ പേരാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നത്. എന്നാൽ ആ നീക്കങ്ങൾ വിജയം കാണുമോയെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല.

സ്റ്റീവൻ ജോവെട്ടിക്കിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മൂന്നു സ്‌ട്രൈക്കർമാരുമായാണ് ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നത്. അതിൽ ജോവെട്ടിക്കിനു പുറമെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്‌ഫർ ചർച്ചകൾ നടത്തുന്ന ഒരു താരത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം അഡ്രിയാൻ ലൂണയുടെ നാടായ യുറുഗ്വായിൽ നിന്നുള്ള ഒരു സ്‌ട്രൈക്കർക്കു വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ. യുറുഗ്വായിലെ സെക്കൻഡ് ഡിവിഷൻ ലീഗിലെ ക്ലബായ സിയാറക്കു വേണ്ടി കളിക്കുന്ന ഫാക്കുണ്ടോ ബാഴ്‌സലോയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്ന താരം. മുപ്പത്തിയൊന്നു വയസായ സ്‌ട്രൈക്കറാണ് ഫാക്കുണ്ടോ.

ഫാക്കുണ്ടോയുമായി ബ്ലാസ്റ്റേഴ്‌സ് കരാർ ഒപ്പിടുന്നതിന്റെ വക്കിലെത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ആ ഡീൽ ഇപ്പോൾ നിർത്തി വെച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും ജോവെട്ടിക്കുമായി ചർച്ചകൾ നടത്തുന്നതു കൊണ്ടാണെന്നാണ് അനുമാനിക്കേണ്ടത്. ജോവെട്ടിക് ട്രാൻസ്‌ഫർ നടന്നില്ലെങ്കിൽ ഫാക്കുണ്ടോയെ സ്വന്തമാക്കാനാകും പദ്ധതി.

കളിച്ച ക്ലബുകൾക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഫാക്കുണ്ടോയെങ്കിലും ഇത്തവണ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുപോലെയൊരു സ്‌ട്രൈക്കർ മതിയാകുമോ എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. ഡ്യൂറൻഡ് കപ്പ് കഴിയുന്നതിനു മുൻപ് ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിങ്‌ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Facundo BarceloKerala Blasters
Comments (0)
Add Comment