എന്റെ കുടുംബവും ഇനി കൊച്ചിയിലുണ്ടാകും, കേരളത്തിനൊപ്പം വിജയം നേടുകയാണ് ലക്ഷ്യമെന്ന് മിലോസ് ഡ്രിൻസിച്ച്

ഏതാനും ദിവസങ്ങൾക്കു മുൻപാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരമായ മിലോസ് ഡ്രിൻസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കുകയാണെന്ന കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ കരാർ പൂർത്തിയായ മിലോസ് ടീമിനൊപ്പം തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രീ സീസൺ ക്യാമ്പ് അവസാനിക്കുന്നതിനു തൊട്ടു മുൻപ് താരത്തിന്റെ കരാർ പുതുക്കി.

2026 വരെയാണ് മോണ്ടിനെഗ്രോയിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരനായ മിലോസിന്‌ പുതിയ കരാർ നൽകിയിരിക്കുന്നത്. ഇതോടെ രണ്ടു സീസണുകൾ കൂടി താരം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകുമെന്ന് തീർച്ചയായി. കരാർ പുതുക്കിയതിനു ശേഷം സംസാരിക്കുമ്പോൾ തന്റെ കുടുംബത്തെക്കൂടി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയിലാണെന്ന് മിലോസ് വ്യക്തമാക്കി.

“ഈ വർഷം എന്റെ കുടുംബവും കേരളത്തിലേക്ക് വരുന്നുണ്ട്. മികച്ച സാഹചര്യവും സംസ്‌കാരവുമാണ് ഇന്ത്യയിലുള്ളതെന്ന് എനിക്കറിയാം, പ്രത്യേകിച്ചും കൊച്ചിയിൽ. ഞാൻ ഫുട്ബോളിലും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുമാണ് നൂറു ശതമാനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിജയം നേടുകയെന്ന എല്ലാവരുടെയും സ്വപ്‌നം സാക്ഷാത്കരിക്കാൻ വേണ്ടിയാണ് ഇവിടെ തുടരുന്നത്.” ഡ്രിൻസിച്ച് പറഞ്ഞു.

പ്രീ സീസൺ ക്യാംപിൽ പരിശീലകനായ മൈക്കൽ സ്റ്റാറെയുടെ പദ്ധതികൾക്ക് അനുയോജ്യനാണെന്ന് തെളിയിക്കാൻ ഡ്രിൻസിച്ചിനു കഴിഞ്ഞുവെന്നാണ് താരത്തിന്റെ കരാർ പുതുക്കിയതിൽ നിന്നും അനുമാനിക്കാൻ കഴിയുന്നത്. ഇന്ത്യയിൽ ഒരു വർഷം കളിച്ച പരിചയം അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ താരത്തെ സഹായിക്കും.

വരുന്ന സീസണിൽ ഡ്രിൻസിച്ചും ഫ്രഞ്ച് താരം അലക്‌സാണ്ടർ കെയോഫുമാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നയിക്കുക. അതേസമയം ഡ്യൂറൻഡ് കപ്പിൽ അലക്‌സാണ്ടർ കെയോഫ് ഇല്ലാത്തതിനാൽ പ്രതിരോധത്തിന്റെ ചുമതല ഡ്രിൻസിച്ചിനു തന്നെയായിരിക്കും. കിരീടം നേടുകയെന്ന ലക്‌ഷ്യം വെച്ചു തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിനായി ഇറങ്ങുന്നത്.

Kerala BlastersMilos Drincic
Comments (0)
Add Comment