ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് നടത്തിയതിനു ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ലയണൽ മെസി ഫോം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു. പിഎസ്ജിയിൽ തിരിച്ചു വന്നതിനു ശേഷം മൂന്നു മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്. ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ റീംസിനെതിരെ വളരെ മോശം പ്രകടനമാണ് മെസി നടത്തിയത്.
മത്സരത്തിൽ തൊണ്ണൂറു മിനുട്ടും കളിച്ച ലയണൽ മെസി ഒരു ഷോട്ട് പോലും ഉതിർത്തില്ല. നാല് ഡ്രിബിളുകൾക്ക് ശ്രമിച്ച താരം അതിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. ഇതിനു പുറമെ ഒരു വമ്പൻ അവസരം താരം നഷ്ടമാക്കുകയും ചെയ്തു. പത്ത് ഗ്രൗണ്ട് ഡുവൽസിൽ മൂന്നെണ്ണത്തിൽ മാത്രം വിജയം നേടിയ ലയണൽ മെസിക്ക് പതിനാലു തവണയാണ് മത്സരത്തിൽ പന്ത് നഷ്ടമായത്. ലോകകപ്പിന് ശേഷം മെസി നടത്തിയ ഏറ്റവും മോശം പ്രകടനമായിരുന്നു ഇതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
മത്സരത്തിനു ശേഷം ലയണൽ മെസിയുടെ പ്രകടനത്തെ കളിയാക്കി നിരവധി ആരാധകർ രംഗത്തു വന്നിട്ടുണ്ട്. ലോകകപ്പിന് ശേഷം മെസി ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കുന്നില്ലെന്നും കളിക്കളത്തിൽ മികവ് പുലർത്തണമെന്ന് താരത്തിന് തോന്നുന്നില്ലെന്നും ചിലർ പ്രതികരിച്ചു. അതേസമയം മെസിയുടെ മോശം ഫോം റൊണാൾഡോക്ക് സന്തോഷം നൽകുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. പിഎസ്ജിയുമായി മെസി കരാർ പുതുക്കരുതെന്നാണ് മറ്റൊരാൾ ആവശ്യപ്പെട്ടത്.
Messi vs Reims Édit 🐑 pic.twitter.com/H36nAmhakk
— 𝕷𝖚𝖈𝖆𝖘 🥷🦅 | brillant 🇨🇩| (@x_lpm77) January 29, 2023
അർജന്റീനയിൽ ലഭിക്കുന്ന സ്വാതന്ത്ര്യം പിഎസ്ജിയിൽ ലഭിക്കുന്നില്ലെന്നത് മെസിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. എന്നാൽ ലോകകപ്പിന് മുൻപ് വരെ മെസി മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഇന്നലത്തെ മത്സരത്തിൽ മാർകോ വെറാറ്റിക്ക് ചുവപ്പുകാർഡ് ലഭിച്ചതും ടീമിന് തിരിച്ചടിയായിരുന്നു. മത്സരത്തിൽ നെയ്മർ നേടിയ ഗോളിൽ പിഎസ്ജി മുന്നിലെത്തിയെങ്കിലും തൊണ്ണൂറ്റിയാറാം മിനുറ്റിൽ ആഴ്സണൽ ലോണീ ബോലോഗൻ റീയിംസിന് സമനില നേടിക്കൊടുത്തു.