പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലായിട്ടും കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണ വിജയം നേടിയിരുന്നു. റയൽ മാഡ്രിഡിന്റെ മൈതാനത്ത് നടന്ന കോപ്പ ഡെൽ റേ സെമി ഫൈനൽ മത്സരത്തിലാണ് ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയത്. ഇതോടെ രണ്ടാംപാദ മത്സരത്തിൽ സ്വന്തം മൈതാനത്ത് കൂടുതൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ ബാഴ്സലോണക്ക് കഴിയും.
സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരത്തിൽ റയലിനെ അനങ്ങാൻ വിടാതെയാണ് ബാഴ്സലോണ പിടിച്ചു കെട്ടിയത്. മത്സരത്തിൽ പതിമൂന്നു ഷോട്ടുകൾ ഉതിർത്തിട്ടും ഒരിക്കൽ പോലും ഗോൾകീപ്പറായ മാർക് ആന്ദ്രേ ടെർ സ്റ്റീഗനെ പരീക്ഷിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞില്ല. ബാഴ്സലോണയുടെ കടുപ്പമേറിയ പ്രതിരോധതന്ത്രത്തിൽ വലഞ്ഞ റയൽ മാഡ്രിഡ് അതിന്റെ അസ്വസ്ഥത മത്സരത്തിൽ പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തു.
¿Opiniones sobre está acción entre Vinicius y Frenkie De Jong? 🤔pic.twitter.com/cQwhOyAno2
— Fútbol Total (@FutbolTotalCF) March 2, 2023
മത്സരത്തിനു ശേഷം വിനീഷ്യസ് ജൂനിയറിൻറെ പെരുമാറ്റമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ഫ്രാങ്കീ ഡി ജോംഗിന്റെ കയ്യിൽ നിന്നും പന്തെടുക്കാൻ വലഞ്ഞ വിനീഷ്യസ് ഒടുവിൽ ഡച്ച് താരത്തെ ഫൗൾ ചെയ്തു വീഴ്ത്തുകയായിരുന്നു. ഇതിനു റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. മഞ്ഞക്കാർഡിനോട് താരം വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. റഫറിയുടെ മുഖത്തു നോക്കി പരിധി വിട്ട രീതിയിലാണ് വിനീഷ്യസ് രോഷം പ്രകടിപ്പിച്ചത്.
Vinicius got right in the referees face 😳 pic.twitter.com/iInltYO1xq
— ESPN FC (@ESPNFC) March 2, 2023
എന്നാൽ താരത്തിന്റെ പരിധി വിട്ട പെരുമാറ്റത്തിലും റഫറി പ്രതികരണമൊന്നും നടത്തിയില്ല. മത്സരത്തിന് ശേഷം ആരാധകർ പറയുന്നത് അത് ബാഴ്സയുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബിന്റെയോ താരമായിരുന്നെങ്കിൽ ഉറപ്പായും ചുവപ്പുകാർഡ് ലഭിക്കുമായിരുന്നു എന്നാണ്. ഇതിനു മുൻപ് ലെവൻഡോസ്കി ഒരു മത്സരത്തിൽ റഫറിയോട് രൂക്ഷമായി പ്രതികരിച്ചതിനെ തുടർന്ന് ചുവപ്പുകാർഡും മൂന്നു മത്സരങ്ങളിൽ വിലക്കും ലഭിച്ചത് ആരാധകർ ചൂണ്ടിക്കാട്ടുന്നു.