യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലെ വമ്പൻ പോരാട്ടത്തിൽ പോർച്ചുഗലിന്റെ കീഴടക്കി ഫ്രാൻസ് സെമിയിലേക്ക് മുന്നേറി. രണ്ടു ടീമുകളും ഗോളടിക്കാൻ പരാജയപ്പെട്ട കളിയുടെ വിധിയെഴുതിയത് ഷൂട്ടൗട്ടിലാണ്. ജോവോ ഫെലിക്‌സ് പെനാൽറ്റി പാഴാക്കിയത് പോർച്ചുഗലിന് പുറത്തേക്കുള്ള വഴി തുറക്കുകയും ഫ്രാൻസിനെ സെമി ഫൈനലിൽ എത്തിക്കുകയും ചെയ്‌തു.
മത്സരത്തിന് ശേഷം ആരാധകർ കണ്ടെത്തിയത് മറ്റൊരു കാര്യമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ വരുത്തിയ വലിയൊരു പിഴവ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന് മുൻതൂക്കം നൽകിയെന്നാണ് ആരാധകർ പറയുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലെ ടോസ് പോർച്ചുഗലിന് അനുകൂലമായി ലഭിച്ചിട്ടും ഫ്രാൻസിനെ ആദ്യത്തെ കിക്കെടുക്കാൻ റൊണാൾഡോ അനുവദിച്ചത് മണ്ടത്തരമായെന്നാണ് ആരാധകർ പറയുന്നത്.
What was he thinking!? 🤯
Read more 👉 https://t.co/tGFZ2YbZ4T pic.twitter.com/64B5eNc52f
— Mail Sport (@MailSport) July 5, 2024
പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ആദ്യം കിക്കെടുക്കുന്ന ടീം വിജയം നേടാനുള്ള സാധ്യത കൂടുതലാണെന്ന് കണക്കുകൾ പറയുന്നു. എഴുപത് ശതമാനത്തോളം ഷൂട്ടൗട്ടുകളും വിജയിച്ചിട്ടുള്ളത് ആദ്യം കിക്കെടുത്ത ടീമാണ്. കണക്കുകൾ ഇങ്ങിനെയൊക്കെയായിട്ടും ടോസ് നേടിയ റൊണാൾഡോ ആദ്യം കിക്കെടുക്കാൻ ഫ്രാൻസിനെ അനുവദിച്ചത് തിരിച്ചടി നൽകിയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം റൊണാൾഡോ ആ തീരുമാനം എടുത്തതിനു പിന്നിലെ കാരണം എന്താണെന്നത് വ്യക്തമാണ്. സ്ലോവേനിയക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലുണ്ടായ ഷൂട്ടൗട്ടിൽ ആദ്യം പെനാൽറ്റി എടുത്തത് സ്ലോവേനിയ ആയിരുന്നു. അതിനു ശേഷം റൊണാൾഡോ പെനാൽറ്റി എടുത്തു. പോർച്ചുഗൽ മത്സരം വിജയിക്കുകയും ചെയ്‌തു. അതെ രീതിയായിരിക്കാം ഫ്രാൻസിനെതിരെയും റൊണാൾഡോ പിന്തുടർന്നിരിക്കുക.
എന്നാൽ സ്ലോവേനിയക്കെതിരെ നടന്ന മത്സരത്തിൽ പോർച്ചുഗലിന്റെ ഹീറോയായി ഡീഗോ കോസ്റ്റക്ക് ഇന്നലെ ഒന്നും ചെയ്യാനായില്ല. കഴിഞ്ഞ മത്സരത്തിൽ മൂന്നു പെനാൽറ്റികൾ തടുത്തിട്ട ഡീഗോ കോസ്റ്റ ഇന്നലെ ഒരു പെനാൽറ്റി പോലും തടഞ്ഞില്ല. എന്തായാലും പോർച്ചുഗലിന്റെ യൂറോ മോഹങ്ങളെല്ലാം ഇന്നലത്തോടെ അവസാനിച്ചു.